Mukthi: A Malayalam Short Story



മുക്തി
ഡോ: സിബു സി. ചിത്രന്‍
എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നകന്നു. അയാളുടെ മനസ്സില്‍ തികച്ചും അവ്യക്തമായ ചിന്തകളായിരുന്നു. അയാള്‍ നടന്നുനടന്ന് എത്തിച്ചേര്‍ന്നത് ഒരു ബസ്സ്റ്റോപ്പിലായിരുന്നു. അവിടെ ഒരു സുപരിചിത മുഖം അയാളെ നോക്കി പുഞ്ചിരിച്ചു. മനസ്സില്‍ തീനാളങ്ങ ള്‍ ആളിപ്പടര്‍ന്നുകൊണ്ടിരുന്നിരുന്നെങ്കിലും അയാള്‍ തന്‍റെ മുഖത്ത് പുഞ്ചിരി വരുത്തി. അപരനോട് ഒരു സല്ലാപത്തിന് തുനിഞ്ഞില്ല എന്നുമാത്രമല്ല, അല്‍പ്പം മാറിനിന്നുകൊണ്ട്‌ തനിക്ക് തന്‍റെ വിയോജിപ്പ്‌ വെളിപ്പെടുത്തി. 

വിധി അയാളെ നോക്കി പല്ലിളിക്കുകയാണന്ന്‍ അയാള്‍ക്ക് തോന്നി. അയാള്‍ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. 

“അതെ, എല്ലാം എന്‍റെ വിധിയാണ്. അതിനെ തടുക്കാനാവില്ലല്ലോ.”
അങ്ങനെ പലവിധ ചിന്തകളുമായി അയാളുടെ മനസ്സ് അസ്വസ്ഥതമായിത്തീര്‍ന്നു. ആര്‍ത്തലയ്ക്കുന്ന കടലില്‍പ്പെട്ടതുപോലെ ആയിരുന്നു അയാളുടെ അവസ്ഥ. 


സമയം ഇഴഞ്ഞ് നീങ്ങവേ ഒരു ബസ്സ്‌ വന്നുനിന്നു. എങ്ങോട്ടെന്നുപോലും നോക്കാതെ അയാള്‍ അതില്‍ കയറിപ്പറ്റി. 

“ടിക്കറ്റ്‌, ടിക്കറ്റ്‌.” കണ്ടക്ടറുടെ നിലയ്ക്കാത്ത ശബ്ദം അയാളുടെ ചിന്തകളെ തട്ടിയുണര്‍ത്തി.
അയാള്‍ ടിക്കറ്റിന്‍റെ രൂപക്കായി തന്‍റെ കീശ തപ്പിനോക്കി. പക്ഷെ, അത് വെറും കാലിയായിരുന്നു.
“എത്രയോ നാളായി അത് കാലിയായിട്ട്.” അയാള്‍ പിറുപിറുത്തു. 

ഒരു വിധത്തില്‍ കണ്ടക്ടറുടെ കണ്ണുവെട്ടിച്ച് യാത്ര തുടര്‍ന്നു. വണ്ടി അതിവേഗം നീങ്ങിക്കൊണ്ടിരുന്നു. ആളൊഴിഞ്ഞ ഒരു സ്ഥലത്ത് അയാളിറങ്ങി. 

തികച്ചും അപരിചിതമായ സ്ഥലം. അയാള്‍ വീണ്ടും നടന്നു തുടങ്ങി. യാതൊരു പരിചയവുമില്ലാത്ത ആള്‍ക്കാരുടെ ഇടയിലൂടെ. പക്ഷെ, അവരോരോരുത്തരും അയാള്‍ക്ക് ആരൊക്കെയോ ആയിരുന്നുവെന്ന് അയാളുടെ മുഖം കണ്ടാലറിയാം. 

ഒടുവില്‍ അയാളെത്തിപ്പെട്ടത് ഒരു മനോരോഗാശുപത്രിയുടെ മുന്നിലായിരുന്നു. അയാള്‍ സാവധാനം അകത്തുകടന്നു. ഓരോ മുക്കിലും മൂലയിലും അയാള്‍ ആരേയോക്കെയോ തിരയുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകള്‍ ഒരിറ്റ് സ്നേഹത്തിനായി ദാഹിക്കുന്നുണ്ടായിരുന്നു.
അവസാനം, അയാള്‍ മുഖ്യഡോക്ടറുടെ മുറിയിലെത്തി. കതകുതുറന്നു മുറിയിലെത്തിയ അയാള്‍ ഡോക്ടറെ ഒരുവട്ടം ദയനീയമായി നോക്കിയശേഷം പരിപൂര്‍ണ്ണ ബോധത്തോടെ പറഞ്ഞു.

“ഡോക്ടര്‍, എന്നെ രക്ഷിക്കൂ. എനിക്ക് ഭ്രാന്താണ്. എന്നെ ചങ്ങലായ്ക്കിടു. എനിക്ക് ഭ്രാന്താണ്, ശരിക്കും ഭ്രാന്ത്.” മനോവിഷമം താങ്ങാനാവാതെ അയാള്‍ ബോധരഹിതനായി വീണു. 

അതെ, സാഹചര്യം അയാളെ ഒരു മനോരോഗിയാക്കി തീര്‍ക്കുകയായിരുന്നു. വഞ്ചനയുടെ മനുഷ്യലോകത്തുനിന്നും മുക്തി നേടുകയെന്നതായിരുന്നു അയാളുടെ ലക്‌ഷ്യം.

@@@@@@@@@@@@@@

Comments

Unknown said…
Good Story.. 👌👍👍

Popular posts from this blog

The Flying Horse

The Little Butterfly

Master of Marketing Research (MMR)