Oru Mysore Gadha: A Travelogue on the City of Palaces



1

ഒരു കുട്ടി എയര്‍പോര്‍ട്ടും പിന്നെ കുറച്ച് ചരിത്രവും


ഓരോ യാത്രകളും വ്യത്യസ്തങ്ങളാണ്. ലക്ഷ്യസ്ഥാനങ്ങള്‍ ഒന്ന് തന്നെ ആണെങ്കിലും, കൂടെ യാത്ര ചെയ്യുന്നവരും, യാത്രക്കിടയില്‍ കണ്ടുമുട്ടുന്നവരും, ലഭിക്കുന്ന അനുഭവങ്ങളും എല്ലാം ഓരോ യാത്രകളെയും വ്യത്യസ്തമായ അനുഭവങ്ങള്‍ ആക്കുന്നു. അങ്ങനെ ആണ് മുന്‍പ് നിരവധി തവണ പോയിട്ട് ഉണ്ടെങ്കിലും ഈ തവണത്തെ ഓണകാലാവധി യാത്ര മൈസൂര്‍ക്ക് പോകാന്‍ തീരുമാനിച്ചത്‌. ഈ യാത്ര മക്കള്‍ക്ക് വേണ്ടിയുള്ളതാണ്.

ഓണം അവധിയുടെ അവസാനനാളുകളില്‍ ആണ് ഞാനും ഭര്‍ത്താവും രണ്ടു മക്കളും യാത്ര തിരിക്കുന്നത്. മഴയില്‍ തകര്‍ന്ന വഴികളും അവധിക്കാലതിരക്കുകളും റോഡ് മാര്‍ഗമുള്ള യാത്ര ദുരിതപൂര്‍ണമായിരിക്കും എന്ന് മനസിലാക്കിയ ഞങ്ങള്‍ യാദൃശ്ചികമായി ആണ് അറിയുന്നത് മൈസൂര്‍ക്ക് കൊച്ചിയില്‍ നിന്നും എയര്‍ ഇന്ത്യയുടെ വിമാനസര്‍വീസ് ഉണ്ടെന്ന്. സമയ ലാഭവും മിതമായ ചിലവില്‍ ഒരു ചെറുവിമാനത്തില്‍ ഉള്ള യാത്ര അനുഭവവും ആണ് ഇതിലൂടെ ഞങ്ങള്‍ക്ക് ലഭിച്ചത്.


12 സെപ്റ്റംബര്‍ 2019 രാവിലെ 10:30നു ഉള്ള എയര്‍ ഇന്ത്യയുടെ 72 യാത്രക്കാര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ചെറിയ വിമാനത്തില്‍ ഞങ്ങള്‍ യാത്ര തുടങ്ങുന്നത്. മഴ മാറിനിന്ന അവിട്ട ദിനത്തില്‍ വിമാനത്തില്‍ നിന്നുമുള്ള ആകാശകാഴ്ചകള്‍ മനോഹരം ആയിരുന്നു.


കാലവര്‍ഷം തിമിര്‍ത്താടിയതു മൂലം കലങ്ങി ഒഴുകുന്ന ജലാശയങ്ങളും മഴക്കാടുകളും വിമാനത്തില്‍ നിന്നും ദൃശ്യമായിരുന്നു. ഏകദേശം ഒരു മണിക്കൂറത്തെ വിമാനയാത്ര കൊണ്ട് ഞങ്ങള്‍ മൈസൂര്‍ എയര്‍പോര്‍ട്ടില്‍ എത്തി ചേര്‍ന്നു.


ചാമുണ്ഡി ഹില്‍സിന്റെ അരികിലൂടെ മൈസൂര്‍-ബാംഗ്ലൂര്‍ ഹൈവേക്ക് മുകളിലൂടെ വളരെ താഴ്ന്നു പറന്നു എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡ് ചെയ്തു. വളരെ കൗതുകം തോന്നിക്കുന്ന എയര്‍പോര്‍ട്ട്. കുട്ടികളുടെ ഭാഷയില്‍ ഒരു 'ക്യൂട്ട് എയര്‍പോര്‍ട്ട്". വിമാനം ലാന്‍ഡ് ചെയ്തു പുറത്ത് ഇറങ്ങിയപ്പോള്‍ മുതല്‍ കുട്ടികള്‍ക്ക് ചിരി അടക്കുവാന്‍ കഴിയുന്നില്ല. ഇത് എയര്‍പോര്‍ട്ട് തന്നെ ആണോ എന്നാണ് അവരുടെ സംശയം.  കൊച്ചി എയര്‍പോര്‍ട്ട് വച്ച് നോക്കുമ്പോള്‍ ഒരു സ്റ്റേഡിയത്തിന്റെ അത്ര മാത്രം വലുപ്പമേ ഇതിനുള്ളൂ. എയര്‍ ഫോഴ്‌സിന്റെ അധികാര പരിധിയില്‍ ആയിരുന്ന ഈ എയര്‍പോര്‍ട്ട് ഏറെ കാലം അടച്ചിട്ടിരിക്കുകയായിരുന്നു.നിലവില്‍ ദിവസവും നാല് ഫ്ലൈറ്റ് സര്‍വീസ് മാത്രമേ ഇവിടെ ഉള്ളൂ. അതും ദക്ഷിണ ഇന്ത്യയിലേക്കുള്ള  ചെറുവിമാനങ്ങള്‍ മാത്രം. അതുകൊണ്ടു തന്നെ വളരെ തിരക്ക് കുറഞ്ഞ ഈ വിമാനത്താവളത്തില്‍ നിന്നും ഞങ്ങളുടെ ബാഗുകളും എടുത്ത് പെട്ടന്ന് തന്നെ പുറത്തെത്തി.


ഞങ്ങള്‍ താമസിക്കുവാന്‍ തിരഞ്ഞെടുത്ത ഹോട്ടലിലില്‍ നിന്നും ഏര്‍പ്പാടാക്കി തന്ന ഡ്രൈവറും വണ്ടിയും ഞങ്ങളെ കാത്ത്  പുറത്ത്  നില്‍പ്പുണ്ടായിരുന്നു. ദേവേന്ദ്രന്‍ എന്നായിരുന്നു ഞങ്ങളുടെ ആദ്യ ദിനത്തിലെ സാരഥിയുടെ പേര്. അങ്ങനെ ദേവേന്ദ്രന്റെ അഭിപ്രായം സ്വീകരിച്ച് ഞങ്ങള്‍ വിമാനത്താവളത്തില്‍ നിന്നും  നേരെ ചാമുണ്ഡി ഹില്‍സിലേക്ക് യാത്ര തിരിച്ചു.

വളരെ വൃത്തിയുള്ള, തിരക്ക് കുറഞ്ഞ വീഥികളിലൂടെ  ഞങ്ങളുടെ ഡ്രൈവര്‍ അങ്ങനെ ചാമുണ്ഡി ഹില്‍സിലേക്ക് കത്തിച്ചു വിട്ടു. ചെറിയ ഘാട് റോഡിനെ അനുസ്മരിപ്പിക്കുന്ന വഴിയിലൂടെ യാത്ര ചെയ്ത് ഞങ്ങള്‍ മുകളില്‍ എത്തി. നല്ല കാലാവസ്ഥ. പാര്‍ക്കിംഗ് ഏരിയക്കരികെ വണ്ടി നിറുത്തി ഞങ്ങള്‍ ഇറങ്ങി നടന്നു. അല്‍പ്പം പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലേക്കായിരുന്നു ഞങ്ങള്‍ കടന്നു ചെന്നത്. അനധികൃതമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്ന നടപടികള്‍ക്കു വേണ്ടി പൂര്‍ണമായും പോലീസ്‌കാരുടെ വലയത്തില്‍ ആയിരുന്നു ആ പ്രദേശം. എന്തായാലും മുന്നോട്ടു വച്ച കാലുകള്‍ മുന്നോട്ടു തന്നെ. മൈസൂറിനെ  പറ്റി കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ചിത്രമായ  വാളേന്തി നില്‍ക്കുന്ന മഹിഷാസുരന്റെ വലിയ ഒരു സ്‌റ്റാച്യുവിന്റെ മുന്നില്‍  ആണ് ആദ്യം ഞങ്ങള്‍ എത്തിയത്.  അപ്പോള്‍  ഇനി അല്‍പ്പം ചരിത്രം പറയാം.


മൈസൂര്‍ എന്ന പേര് വന്നത് മഹിഷാസൂര്‍ എന്ന അസുരനാമം ലോപിച്ചതാണ്. ഈ ചാമുണ്ഡി കുന്നിന്റെ മുകളില്‍ വച്ചാണ് പാര്‍വ്വതിയുടെ അവതാരമായ ചാമുണ്ഡേശ്വേരി മഹിഷാസുരനെ വധിച്ചത്. ആ ഓര്‍മ്മയ്ക്കാണ് പത്ത് ദിവസം നീളുന്ന ദസ്സറ മഹോത്സവം ഇവിടെ ആഘോഷിക്കുന്നത്. കേരളീയര്‍ക്ക് ഓണം പോലെ ആണ് ഇവിടെ ദസ്സറ.


കുറച്ച് മുന്നോട്ട് നടന്നപ്പോള്‍  ഞങ്ങള്‍ ക്ഷേത്രഗോപുരം കണ്ടു തുടങ്ങി. അതിനു മുന്നില്‍ വര്‍ഷങ്ങളുടെ പഴക്കം ഉള്ള തേര് പൂജക്കായി പുറത്തേക്ക് എടുക്കുന്നു. യാദൃശ്ചികമായി ഞങ്ങള്‍ക്ക് ആ കാഴ്ച കാണുവാന്‍ സാധിച്ചു. ദസറ ഉത്സവത്തിനുള്ള ഒരുക്കങ്ങളുടെ ആരംഭം ആയിരുന്നു. വലിയ തിക്കും തിരക്കും ഒന്നുമില്ലാതെ ഞങ്ങള്‍ ക്ഷേത്രത്തിന്റെ അകത്ത് കയറി തൊഴുതു. ഭക്‌തരെക്കാള്‍ അധികം സഞ്ചാരികള്‍ ആയിരുന്നു നിറയെ. പുറത്ത് ഇറങ്ങിയപ്പോള്‍ നല്ല തണുത്ത കാറ്റ്. ചാമുണ്ഡി ദേവി ക്ഷേത്രത്തിനു അരികിലായി മഹാബലീശ്വരം ശിവ ക്ഷേത്രവും ശ്രീ ലക്ഷ്മിനാരായണ ക്ഷേത്രവും ഞങ്ങള്‍ സന്ദര്‍ശിച്ചു. രണ്ടായിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രങ്ങള്‍.

ഈ ചാമുണ്ഡി കുന്നുകളില്‍  കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ അവസാനമായി  വന്നത്. പക്ഷെ എന്റെ ഓര്‍മ്മയില്‍ ഉള്ള ചാമുണ്ഡി കുന്നിനു കുറച്ചു കൂടി പച്ചപ്പുണ്ടായിരുന്നു. ഇന്ന് കാണുന്ന അത്രയും ഷീറ്റ് ഇട്ട കെട്ടിടങ്ങളും മറ്റും അന്ന് ഇല്ല. പഴമയുടെ ഭംഗിയും പ്രകൃതിയുടെ സൗന്ദര്യവും നിറഞ്ഞു നിന്നിരുന്ന ഒരിടം ആയിരുന്നു. എന്തൊക്കയോ എവിടെയോ നഷ്ടമായ പോലെ തോന്നിപ്പിച്ചു.


എന്തായാലും തിരിച്ച് ഞങ്ങളെ ദേവേന്ദ്രന്‍ തന്റെ കാറില്‍ കുന്നിറക്കി നഗരത്തിലേക്ക് പോകും വഴി കുന്നിന്‍ മുകളില്‍ നിന്നുമുള്ള മൈസൂര്‍ നഗരത്തിന്റെ മനോഹരമായ കാഴ്ച കാണിച്ചു തന്നു. ഞങ്ങളുടെ സാരഥിക്ക് നന്നായി തമിഴ് അറിയാവുന്നതു കൊണ്ട് ഭാഷാപ്രശ്‌നം ഉണ്ടായില്ല. കക്ഷി വായ് തോരാതെ തനിക്ക് അറിയാവുന്ന മൈസൂര്‍ വിശേഷങ്ങള്‍ പറയുന്നുണ്ടായിരുന്നു.
മൈസൂറിന്റെ ഐ ടി മേഖലയില്‍ ഇന്‍ഫോസിസിന്റെ സമീപത്തുള്ള റാഡിസണ്‍ ഗ്രൂപ്പിന്റെ 'കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യുട്ട്സ്' എന്ന ഹോട്ടല്‍ ആണ് ഞങ്ങള്‍ താമസിക്കാന്‍ തിരഞ്ഞെടുത്തത്. ഉച്ചഭക്ഷണത്തിന്റെ സമയം ആയപ്പോഴേക്കും ഞങ്ങള്‍ അവിടെ എത്തി. ഞങ്ങളുടെ പാക്കേജിന്റെ ഭാഗം ആയിട്ടുള്ള ലഞ്ച് ബുഫേ ഞങ്ങള്‍ ആസ്വദിച്ചു കഴിച്ച് അടുത്ത യാത്രക്ക് തയാറായി. 





2

ടിപ്പുവിന്റെ വഴികളിലൂടെ.....


ഇനി യാത്ര ശ്രീരംഗപട്ടണത്തിലേക്ക്. മൈസൂര്‍ പട്ടണത്തില്‍ നിന്നും അല്‍പ്പം മാറി മാണ്ട്യ ജില്ലയിലാണ് കാവേരി നദിയാല്‍ ചുറ്റുപ്പെട്ട ശ്രീരംഗപട്ടണം എന്ന നഗരം. മൈസൂര്‍ കടുവ എന്ന് അറിയപ്പെട്ടിരുന്ന ടിപ്പു സുല്‍ത്താന്റെയും പിതാവ് ഹൈദര്‍ അലിയുടെയും  ഭരണകാലത്തെ പ്രതാപനഗരം ആയിരുന്നു ഇത്. വോഡയാര്‍ രാജകുടുംബത്തില്‍ നിന്നുമാണ് ഹൈദര്‍ അലി മൈസൂറിന്റെ അധികാരം പിടിച്ചടക്കിയത്. അങ്ങനെയാണ് മൈസൂറില്‍ നിന്നും ശ്രീരംഗപ്പട്ടണത്തിലേക്ക് ഭരണസിരാകേന്ദ്രം പറിച്ച് മാറ്റപ്പെടുന്നത്. ടിപ്പുവിന്റെ ചരിത്രത്തില്‍ ഒരു പ്രധാന ഇടമാണ് ശ്രീരംഗപട്ടണംകോട്ട.


കോട്ടയിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ ആദ്യം പോയ സ്ഥലം ആണ് ദാരിയ ദൗലത് ബാഗ്. ഒരു പൂത്തോട്ടത്തിന്റെ നടുവില്‍  ആയി ഇവിടെ സ്ഥിതി ചെയ്യുന്ന ടിപ്പുവിന്റെ വേനല്‍ കാല കൊട്ടാരം ആണ് പ്രധാന ആകര്‍ഷണം. തേക്കിന്‍തടിയില്‍ തീര്‍ത്ത ഈ കൊട്ടാരം ഇന്ന് ഒരു മ്യൂസിയം കൂടിയാണ്. യൂണിസെഫിന്റെ പൈതൃകപദവി കാത്ത് നില്‍ക്കുന്ന ഈ ചരിത്രസ്മാരകത്തിനു വേണ്ടത്ര സംരക്ഷണം കിട്ടാത്തതിന്റെ കുറവ് കാണാന്‍ കഴിയും. അവിടെ ഇവിടെ ആയി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ടിപ്പുവിന്റെ അന്ത്യവും, ബ്രിട്ടീഷ്‌കാരുടെ ആക്രമണം ഏറ്റുവാങ്ങുന്ന ശ്രീരംഗപട്ടണം കോട്ടയും ആലേഖനം ചെയ്ത 'സ്റ്റോമിംഗ് ഓഫ് ശ്രീരംഗപട്ടണം' എന്ന പെയിന്റിംഗ്  ഇവിടെ കാണാം. പാഠപുസ്തകത്തിന്റെ താളുകളില്‍ നിന്നും പഠിച്ച ചരിത്രത്തിന്റെ ചിത്രങ്ങള്‍ നേരിട്ട് കണ്ടതിന്റെ ആവേശം ആയിരുന്നു ഞങ്ങളുടെ മൂത്ത മകള്‍ സിജിത്രക്ക്. വിനോദയാത്രക്ക് വന്ന വിദ്യാര്‍ത്ഥികളുടെ അലോസരപ്പെടുത്തുന്ന തിക്കും തിരക്കും ബഹളവും മൂലം ഞങ്ങള്‍ പെട്ടെന്നു തന്നെ കൊട്ടാരത്തിന്റെ അകത്തു നിന്നും പുറത്തിറങ്ങി. വെയില്‍ ചായും തോറും തിരക്കും കൂടുവാന്‍ തുടങ്ങി. ഞങ്ങള്‍ അടുത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചു.


അങ്ങനെ ശ്രീരംഗപട്ടണം കോട്ടയിലേക്ക് പ്രവേശിച്ചു. ശ്രീരംഗപട്ടണം കോട്ട എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിത്രത്തേക്കാള്‍ വ്യത്യസ്തമായിരുന്നു അവിടെ കണ്ട കാഴ്ച. സാധാരണക്കാരായ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒരു ഗ്രാമം.    ഒരു നഷ്ടപ്രതാപത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും കഥകള്‍ പറയുന്ന ചില സൂചന ബോര്‍ഡുകള്‍ നാട്ടിയ പ്രദേശങ്ങള്‍.


ഇവിടെ ആദ്യം ഞങ്ങള്‍ പോയത് ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിലേക്കാണ് . ദക്ഷിണേന്ത്യയിലെ അഞ്ചു പ്രധാന വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണിത്.  വിജയനഗര - ഹൊയ്സാല കാലഘട്ടത്തെ വാസ്തുവിദ്യയാണ് ഈ ക്ഷേത്രത്തിന്റെ അഴക്. പ്രവേശനകവാടത്തില്‍ കൊത്തി വച്ചിരിക്കുന്ന രണ്ട് ആനകളുടെ ശില്‍പം ഞങ്ങള്‍ക്ക് ക്യാമറയില്‍ പകര്‍ത്താതിരിക്കാന്‍ കഴിഞ്ഞില്ല. ശ്രീകോവിലിന്റെ അകത്തു കണ്ട പ്രതിഷ്‌ഠ തിരുവനന്തപുരം ശ്രീപത്മനാഭക്ഷേത്രത്തിലെ പ്രതിഷ്‌ഠയുടെ ഒരു ചെറിയ രൂപമായി തോന്നി. പഴമയുടെ ഭംഗിയാണ് അവിടെ നിറഞ്ഞ് നിന്നത്. ഇവിടത്തെ പ്രതിഷ്ഠ സ്ഥാപിച്ച വൈഷ്ണവ സന്യാസി ശ്രീരാമഞ്ജുരരുടെ ഒരു കോവിലും നയനാനന്ദകരമായി.


ക്ഷേത്രത്തിലേക്കുള്ള വഴിയരികില്‍ കൗതുകം തോന്നിപ്പിക്കുന്ന തടി കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടകള്‍ കാണാം. ക്ഷേത്രപരിസരത്തെ കാഴ്ചകള്‍ക്ക് ശേഷം വീണ്ടും ഞങ്ങളുടെ സാരഥി  ദേവേന്ദ്രന്റെ ശകടത്തില്‍ കയറി യാത്ര തുടര്‍ന്നു.

പോകും വഴിയുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിറുത്തി കഥകള്‍ ഒക്കെ പറഞ്ഞു തരുന്നുണ്ട് ദേവേന്ദ്രന്‍. അങ്ങനെ ലാല്‍ മഹല്‍ പാലസിന്റെ കവാടത്തിന്റെ മുന്‍പില്‍ വണ്ടി നിറുത്തി. പേര് മാത്രമേ ഉള്ളൂ. കൊട്ടാരത്തിന്റെ അടിത്തറ  മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. ടിപ്പുവിന്റെ കാലത്ത് ഉഗ്രപ്രതാപത്തില്‍ നിലനിന്നിരുന്ന ഈ കൊട്ടാരം ബ്രിട്ടീഷ് ആക്രമണത്തില്‍ നാമാവശേഷം ആയി പോയി. ഇതിന്റെ ചരിത്രം ചുരുക്കി എഴുതിയ ഒരു ബോര്‍ഡ് അവിടെ സന്ദര്‍ശകര്‍ക്കായി സ്ഥാപിച്ചിട്ടുണ്ട്.


പിന്നീട് വണ്ടി നിറുത്തിയത് ടിപ്പുവിന്റെ മൃതശരീരം കണ്ടത്തിയ സ്ഥലത്താണ്. അവിടെ ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുമായിട്ടുള്ള യുദ്ധത്തിനിടെ വെടികൊണ്ട് മരണപ്പെട്ട ടിപ്പുവിന്റെ ശരീരം, യുദ്ധത്തില്‍ മരിച്ച  മറ്റു പട്ടാളക്കാരുടെ മൃതശരീര കൂമ്പാരത്തിനിടയില്‍ ആണത്രേ കണ്ടത്തിയത്. ഒരു കാലത്തു ഉഗ്രപ്രതാപിയായിരുന്ന ഒരു വീരന്റെ ദാരുണ അന്ത്യം സംഭവിച്ച ആ ഇടവും കടന്നു ഞങ്ങള്‍ ശ്രീരംഗപ്പട്ടണം കോട്ടയില്‍ നിന്നും ഇറങ്ങി.


അടുത്ത ലക്‌ഷ്യം ബ്രിന്ദാവന്‍ ഗാര്‍ഡന്‍സ്. സന്ധ്യയോടു കൂടി അവിടെ എത്തി ചേര്‍ന്നാല്‍ മതി എന്നത് കൊണ്ട് പോകും വഴി കര്‍ണാടക സര്‍ക്കാരിന്റെ കാവേരി സില്‍ക്ക് എംപോറിയത്തില്‍ കയറി. മൈസൂര്‍ പട്ടും, ചന്ദനം കൊണ്ടുള്ള വിവിധ ഉല്പന്നങ്ങളും ആണ് പ്രധാന സംഭവം. ചന്ദനത്തടി വരെ വില്പനക്ക് വെച്ചിട്ടുണ്ട്. ഒരു കൊമ്പന്‍ ആനയുടെ ശില്‍പ്പം ആണ് ഇളയ മകള്‍ സിനീജയെ ആകര്‍ഷിച്ചത്. ആനയുടെ കൊമ്പും പിടിച്ചു ഒന്ന് ഫോട്ടോക്ക് പോസ് ചെയ്തു അവിടെ നിന്നും ഇറങ്ങി. വഴി നീളെ കേരള റെജിസ്ട്രേഷന്‍ വണ്ടികള്‍ കണ്ടു തുടങ്ങി. എല്ലാവരുടെയും ലക്‌ഷ്യം ബ്രിന്ദാവന്‍ ഗാര്‍ഡന്‍സ് തന്നെ. മലയാളികളുടെ തിക്കും തിരക്കും ആയിരിക്കും അവിടെ എന്ന് ഉറപ്പായി.

കൃഷ്ണരാജ സാഗര ഡാമിന്റെ പരിസരത്തായാണ് ബ്രിന്ദാവന്‍ ഗാര്‍ഡന്‍സ്. കനത്ത മഴ മൂലം നിറഞ്ഞ ഡാമിന്റെ 17 ഷട്ടറുകള്‍ ഒന്നിച്ചു തുറന്നതിനാല്‍ സമീപപ്രദേശത്ത ഗ്രാമങ്ങളെല്ലാം പ്രളയകെടുതിയില്‍ ആണെന്ന് ഞങ്ങളുടെ സാരഥിയില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അതിനാല്‍ ഡാമിന്റെ അരികിലേക്കും പുഴത്തീരങ്ങളിലും സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. കാവേരി, ഹേമാവതി, ലക്ഷ്മണതീര്‍ത്ഥം എന്നീ മൂന്നു നദികളുടെ സംഗമമാണ് ഈ കൂറ്റന്‍ ഡാം. ബ്രിന്ദാവന്‍ ഗാര്‍ഡന്‍സ്സിലേക്ക് എത്തും മുന്നേ ഉള്ള പാലത്തിനു മേലെ  നിന്നാല്‍ ഈ ഡാമിന്റെ അതിമനോഹര ദൃശ്യം ആസ്വദിക്കാം. കുറച്ചു നേരം ഞങ്ങള്‍ വണ്ടി അവിടെ നിറുത്തി അസ്തമന സൂര്യന്റെ കിരണങ്ങള്‍ ഏറ്റു തിളങ്ങുന്ന നദിസംഗമത്തിന്റെ സൗന്ദര്യം ആസ്വദിച്ചു. ഭീകരമായ ഒഴുക്കുണ്ടായിരുന്നു. നല്ല തണുത്ത കാറ്റും. പിന്നെ മഴക്കാറും. പ്രകൃതിയുടെ ഭാവമാറ്റം മറ്റൊരു കാഴച്ചക്ക് വഴിവച്ചു.
കൂറ്റന്‍ ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കേരളത്തില്‍ എത്ര ജില്ലകള്‍ ഉണ്ടോ അത്രയും ജില്ലകളില്‍ നിന്നുമുള്ള വാഹനങ്ങള്‍ ഉണ്ട്. ഏതായാലും പ്രവേശന ടിക്കറ്റും എടുത്തു അകത്തേക്ക് പ്രവേശിച്ചു. നിര്‍ഭാഗ്യവശാല്‍ ചില സാങ്കേതിക തകരാറു മൂലം അന്നേ ദിവസം മ്യൂസിക്കല്‍ ഫൌണ്ടന്‍ ഷോ ഇല്ലായിരുന്നു. തിക്കിനും തിരക്കിനും ഇടയില്‍ നല്ല ഇടങ്ങള്‍ കണ്ടെത്തി കുറച്ച് ഫോട്ടോഗ്രാഫി പരീക്ഷണങ്ങളുമായി ഞങ്ങള്‍ കുറച്ചു സമയം അവിടെ ചിലവഴിച്ചു.


പണ്ട് കണ്ട അത്രയും പൂക്കള്‍ അവിടെ ഉണ്ടായിരുന്നില്ല. ഇരുട്ടായതോടെ വിളക്കുകള്‍ തെളിഞ്ഞു. അപ്പോള്‍ അന്തരീക്ഷവും മാറി. തിരക്ക് വര്‍ധിക്കാന്‍ തുടങ്ങി. ഇടക്ക് ഒരു മഴയും. ഞങ്ങള്‍ മഴയത്ത് പതിയെ പുറത്തേക്ക് നടന്നു. ഈ യാത്രയില്‍ ഒരു പക്ഷെ പ്രതീക്ഷിച്ച അത്ര നല്ല അനുഭവം ലഭിക്കാതെയിരുന്നത് ഇവിടെ ആയിരിക്കും.
എന്തായാലും ഇനി ഒരു നല്ല അത്താഴമെങ്കിലും കഴിച്ചു ഇന്നത്തെ യാത്ര അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചു. ദേവേന്ദ്രന്റെ അഭിപ്രായവും ഗൂഗിളിന്റെ റിവ്യൂ ഒക്കെ പരിഗണിച്ച് ഞങ്ങള്‍ 'പൂജാരിസ് ഫിഷ് ലാന്‍ഡ്' എന്ന ഹോട്ടലില്‍ ആണ് അത്താഴം കഴിക്കാന്‍ കയറിയത്. നല്ല അടിപൊളി ഇന്റീരിയര്‍സ് ആയിരുന്നു അവിടെ. കുട്ടികളെ ആകര്‍ഷിക്കാന്‍ ലവ് ബേര്‍ഡ്‌സും, ഒരു കൂറ്റന്‍ കാള, പശുകുട്ടികള്‍ ഒക്കെ ആയിട്ട് ചെറിയ ഒരു ഫാം. പിന്നെ വിന്റജ് കാറുകളും സ്കൂട്ടറുകളുടെയും   ഒരു നിര തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

സ്വര്‍ണനിറത്തില്‍ തിളങ്ങുന്ന   ബുദ്ധന്റെ ഒരു ലോഹപ്രതിമ ഹോട്ടലിന്റെ അകത്തളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കാണാം. നൂറോളം ലക്ഷ്മിവിളക്കുകള്‍ തൂക്കി ഡൈനിങ്ങ് ഹാള്‍ അലങ്കരിച്ചിരിക്കുന്നു.


കാണാന്‍ ഉള്ള ഭംഗി പോലെ തന്നെ ഇവിടെത്തെ   ഭക്ഷണവും രുചികരം ആയിരുന്നു. ഫിഷ് പക്കോഡയും, കര്‍ണാടകയുടെ തനത് നീര്‍ദോശയും പിന്നെ കോരി സാരു എന്ന പേരുള്ള തേങ്ങാ അരച്ച മംഗ്ലൂര് സ്റ്റൈല്‍ കോഴി കറിയും ആണ് കഴിച്ചത്. കുറച്ചു ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ ഒക്കെ നടത്തി താമസസ്ഥലത്തേക്ക് തിരിച്ചു.



3

മൃഗശാലയിലെ കൂട്ടുകാരും, പിന്നെ ഒരു ആന്ധ്രാ ശാപ്പാടും


13/09/2019 - മൈസൂരില്‍ എത്തിയിട്ട് ഇത് രണ്ടാം ദിവസം. നല്ല വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ മൈസൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് ഹോട്ടലില്‍ നിന്നും യാത്ര തിരിച്ചു. ഇന്നത്തെ യാത്രക്ക് യൂബറിന്റെ സേവനം പ്രയോജനപെടുത്തുവാന്‍ തീരുമാനിച്ചു. മൈസൂരിന്റെ പ്രധാന നഗര ഭാഗങ്ങള്‍ ഒരു പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ ഉള്ളൂ. അധികം ട്രാഫിക് ബഹളങ്ങള്‍ ഒന്നും ഇല്ലാത്ത വൃത്തിയുള്ള വീഥികള്‍. ഇന്ത്യയില്‍ തന്നെ മൂന്നാമത്തെ വൃത്തിയുള്ള നഗരമാണ് മൈസൂര്‍ അഥവാ മൈസൂരു.

രണ്ടാം ദിവസം രാവിലെ  പത്ത് മണിയോടെ ഞങ്ങള്‍ ആദ്യം പോയത് മൈസൂര്‍ മൃഗശാല കാണാന്‍ ആണ്. ഈ അവധിക്കാല യാത്ര പ്ലാന്‍ ചെയ്തപ്പോള്‍ മുതല്‍ സിജിത്രയും സിനീജയും ആവേശത്തോടെ കാത്തിരുന്നത് ഈ ഒരു അവസരത്തിന് വേണ്ടിയാണ്. നല്ല ആള്‍ തിരക്കുണ്ട്. പക്ഷെ ഈ മൃഗശാലയുടെ വിശാലതയില്‍ ആ ആള്‍കൂട്ടം അലിഞ്ഞു ചേര്‍ന്നു.  അകത്തേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ കണ്ടത് കുട്ടികളുടെ ആവേശം ഉണര്‍ത്തികൊണ്ടു ഒരു ജിറാഫ് കുടുംബം. തന്റെ കഴുത്തു നീട്ടി പച്ചിലകള്‍ ശാപ്പിടുകയാണ് കക്ഷികള്‍. തന്റെ നീണ്ട നാക്ക് ഉപയോഗിച്ചാണ്  ജിറാഫ് തന്റെ ചെവി വൃത്തിയാക്കുന്നത് എന്ന അറിവ് സിജിത്ര ഞങ്ങള്‍ക്കായി പങ്കു വച്ചു .

ഒരു ഓപ്പണ്‍ സൂ മാതൃകയില്‍ ഉള്ള ഭീമാകാരമായ കോമ്പൗണ്ടില്‍ മൃഗങ്ങളെ നമുക്ക് വളരെ അടുത്ത് കാണാം. അവയെ എല്ലാം സ്പോന്സര്‍ ചെയ്യുവാനുള്ള സൌകര്യയവും മൃഗശാലയില്‍ ഉണ്ട്. കൂട്ടില്‍ ഇട്ടു വളര്‍ത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പക്ഷികളെയാണ് പിന്നീട് കണ്ടത്. അതില്‍ വെള്ള മയില്‍കൂട്ടം ഒരു അപൂര്‍വ്വകാഴ്ച ആയി തോന്നി. കുറച്ചു മുന്നോട്ട് നടന്നപ്പോള്‍ ഒരു ഗര്‍ജ്ജനം. അത് സിംഹരാജന്റെ ആയിരുന്നു. തൊട്ട് അടുത്തായി കടുവകളുടെ ഏരിയ. എല്ലാം നല്ല മൃഷ്ടാന്നഭോജനവും കഴിഞ്ഞു സുഖസുഷുപ്തിയില്‍ ആയിരുന്നു. അക്കൂട്ടത്തില്‍ ഒരു വെള്ളകടുവയും ഉണ്ടായിരുന്നു. എല്ലാ കൂടിനും വെളിയില്‍ ഓരോന്നിന്റെയും പേരും ജനനത്തീയതിയും രേഖപെടുത്തിയിട്ടുണ്ടായിരുന്നു. അത് നോക്കി തന്റെ പ്രായം ഉള്ളതും ചേച്ചിയുടെ പ്രായത്തില്‍ ഉള്ളതും തന്നേക്കാള്‍ എത്ര വയസ് മൂത്തതാണ് എന്നൊക്കെ കണക്കു കൂട്ടി കൊണ്ടാണ് സിനീജയുടെ നടപ്പ്.

പിന്നെ എത്തിയത് കരടി അമ്മാവന്റെ അടുത്ത്. ഒരു മനുഷ്യന്റെ ചിരിക്കുന്ന മുഖം പോലെ ഉണ്ടായിരുന്നു അതില്‍ ഒരു കരടിയുടേത്. വിവിധ ഇനം കുരങ്ങുകള്‍, മാന്‍കൂട്ടം, കുറുക്കന്‍, ആന, ഹിപ്പോപ്പോട്ടാമസ്, കാണ്ടാമൃഗം, അങ്ങനെ നീണ്ടു നിവര്‍ന്നു നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന വിശാലമായ മൃഗശാല. ബ്ലാക്ക് ബക്ക് വര്‍ഗ്ഗത്തില്‍ പെട്ട വളരെ അപൂര്‍വ്വമായിട്ടു കാണാന്‍ കഴിയുന്ന വെളുത്ത മാന്‍ ഒരു കാഴ്ച തന്നെ ആയിരുന്നു. അതിനെ പരിപാലിക്കുന്ന മൃഗശാല ജീവനക്കാരനില്‍ നിന്നും ആ മൃഗത്തിന് കാഴ്ചയില്ല എന്ന് മനസിലാക്കാന്‍ സാധിച്ചു.


അവിടെ നിന്നും മുന്നോട്ട് നടന്നപ്പോള്‍ മൂന്ന് കഴുതപ്പുലികള്‍ കിടന്നു കടിപിടി കൂടുന്നു. കൂട്ടില്‍ അടച്ചാലും തന്റെ കാടന്‍ സ്വഭാവം പുറത്ത് കാണിക്കാതെ പറ്റുമോ. അത് പോലെ തന്നെ മലയാളികളുടെ സ്വഭാവവും. ഗ്രൂപ്പ് ആയിട്ട് വരുന്നവര്‍ അവധിക്കാലയാത്ര കൊഴുപ്പിക്കാന്‍ പയ്യെ ഒന്ന് മിനുങ്ങി  മൃഗശാലയുടെ അന്തരീക്ഷത്തിനു അനുയോജ്യമല്ലാത്ത രീതിയില്‍  ബഹളം വച്ച് നടക്കുന്നത് ഒരു അലോസരമായിട്ട് തോന്നി.

അടുത്തതായി കണ്ടത് ഒരു തുറസ്സായ പക്ഷിശാല ആണ്. പെലിക്കന്‍ പോലെയുള്ള വിവിധയിനം അപൂര്‍വ്വ പക്ഷികളുടെ ഒരു കൂട്ടം. മരക്കൊമ്പുകളില്‍ കൂടു കൂട്ടി, അതിന്‍റെ കുഞ്ഞുങ്ങള്‍ക്ക് അവ തീറ്റ കൊടുക്കുന്ന കാഴ്ച ഇതിനു മുന്‍പ് മറ്റു ഒരു സൂവിലും കണ്ടിട്ടില്ല.


മൃഗശാലയുടെ പരിസരത്തിനോട് ചേര്‍ന്ന് കിടക്കുന്ന കറാന്‍ജി തടാകം മുതലകളുടെ ആധിക്യം മൂലം അടുത്തിടെ വറ്റിച്ചു കളയുകയും, ആ മുതലകളെ മൃഗശാലയുടെ അകത്തു തന്നെ പരിപാലിച്ചിരിക്കുന്നതും കണ്ടു. കുറച്ചു മുന്നോട്ട് നടന്നപ്പോള്‍ ആരുടേയോ ഐസ് ക്രീം തട്ടിപ്പറിച്ച് ആസ്വദിച്ച് കഴിക്കുന്ന ഒരു വാനരസുഹൃത്തിനെ കണ്ടു.  ഓരോ മൃഗങ്ങള്‍ക്കും ആരുടെയൊക്കെ ഛായ ഉണ്ടെന്നു ഒക്കെ കളി പറഞ്ഞ് ചുറ്റി നടന്നു മൃഗശാലയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അങ്ങനെ ഉച്ച സമയം ആയി. നടന്ന് നടന്ന് ശരിക്കും തളര്ന്നിരുന്നു. എങ്കിലും ഇനിയും ഒരു അങ്കത്തിനു  കൂടി ബാല്യമുണ്ട്.
അടുത്തത് ഉച്ചഭക്ഷണം. ഒരു ഓട്ടോ പിടിച്ച് 'ആന്ധ്രാ രുച്ചുലു' എന്ന റെസ്റ്റോറന്റിലേക്കാണ് പോയത്. ആന്ധ്രാക്കാരുടെ തനത് വെജിറ്റേറിയന്‍ മീല്‍സ്, മട്ടന്‍ പെപ്പര്‍ ഫ്രൈ, ആന്ധ്രാ സ്റ്റൈല്‍ മട്ടന്‍ ബിരിയാണി .ഇവയാണ് ഓര്‍ഡര്‍ കൊടുത്തത്. വയറും മനസും നിറഞ്ഞ ഭക്ഷണം. മീല്‍സിന്റെ കൂടെ ഒടുവില്‍ അപ്രതീക്ഷിതമായി ലഭിച്ച പേരക്ക കൊണ്ടുള്ള ഐസ് ക്രീം എടുത്തു പറയണം. ചുവന്ന പേരക്ക അരച്ച് ചേര്‍ത്ത് ഉണ്ടാക്കിയ ഐസ്ക്രീം അതിനു മേലെ അല്‍പ്പം ഉപ്പും മുളകുപൊടിയും. അത് വേറിട്ട ഒരു അനുഭവം ആയിരുന്നു. നല്ല വൃത്തിയും, സര്‍വീസും. അധികം തിരക്കും ഇല്ല. സമയമെടുത്ത് ഭക്ഷണം കഴിച്ചു ഒന്ന് വിശ്രമിച്ച് ഇനി അടുത്ത സ്ഥലത്തേക്ക്.




4

വര്‍ണ്ണങ്ങളും മധുരവും നിറഞ്ഞ കുറച്ച് ഓര്‍മ്മകളിലൂടെ ...


കൊട്ടാരങ്ങളുടെ പട്ടണം എന്നറിയപ്പെടുന്ന മൈസൂറില്‍  ധാരാളം മനോഹരങ്ങളായ കൊട്ടാരസമുച്ചയങ്ങള്‍ ഉണ്ട്. അതില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് മൈസൂര്‍ പാലസ് എന്നറിയപ്പെടുന്ന അംബ വിലാസ് കൊട്ടാരം. താജ്മഹലിന് ശേഷം ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ഒരു ഇടമാണിത്.  വോഡയാര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കൊട്ടാരം നിലവില്‍ കര്‍ണാടക സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആണ്. പതിനേഴാം നൂറ്റാണ്ടില്‍ തേക്കിന്‍ തടിയില്‍ തീര്‍ത്ത കൊട്ടാരം അഗ്നിക്കിരയായി നശിക്കുകയും, പിന്നീട് ടിപ്പു സുല്‍ത്താന്റെ ഭരണകാലത്തു തീര്‍ത്തും അവഗണിക്കപ്പെട്ട നിലയിലും ആയിരുന്നു.  ടിപ്പുവിന്റെ മരണത്തിനു ശേഷം തന്റെ അഞ്ചാം വയസില്‍ ഭരണം ഏറ്റ കൃഷ്ണരാജ വോഡയാര്‍ മൂന്നാമന്‍ തന്റെ ആദ്യ ദൗത്യമായി കണ്ടു പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹിന്ദു വാസ്തുവിദ്യ പ്രകാരം കൊട്ടാരം പുതുക്കി പണിതു. പക്ഷെ നിര്‍ഭാഗ്യവശാല്‍ 1897-ല്‍ ഒരു രാജവിവാഹത്തിനിടയില്‍ കൊട്ടാരം വീണ്ടും അഗ്നിക്കിരയായി. തുടര്‍ന്ന് 1912-ല്‍ ബ്രിട്ടീഷ് വാസ്തുശില്പി ഹെന്‍റി ഇര്‍വിന്റെ രൂപകല്പനയില്‍ ആണ് ഇന്ന് കാണുന്ന രീതിയിലുള്ള മാര്‍ബിളും ഗ്ലാസും ഉപയോഗിച്ച്   വര്‍ണശബളമായ കൊട്ടാരസമുച്ചയം പണിതീര്‍ത്തത്. ഇന്ത്യന്‍-മുഗള്‍-കൊളോണിയന്‍ വാസ്തുവിദ്യകള്‍ സമന്യവിപ്പിച്ചു കൊണ്ടുള്ള ഒരു രൂപകല്‍പ്പന ആണിത്.

കര്‍ശനമായ സുരക്ഷാപരിശോധനകള്‍ക്ക് ശേഷം ചെരുപ്പുകള്‍ അഴിച്ചു വച്ച്  ഞങ്ങള്‍ കൊട്ടാരത്തിലേക്ക് പ്രവേശിച്ചു. മാര്‍ബിളിന്റെ തണുപ്പും ഉച്ചക്ക് കഴിച്ച മൃഷ്ടാന്നഭോജനവും ഒരു ചെറിയ ആലസ്യം ഞങ്ങളില്‍ ഉളവാക്കി. സത്യം പറഞ്ഞാല്‍ ആ കൊട്ടാരത്തിലെ പടിക്കെട്ടുകളില്‍ കിടന്ന് ഒന്ന് ഉറങ്ങിയാലോ എന്ന് തോന്നി. സിനീജ നടന്നു കൊണ്ട് ഉറങ്ങുമോ എന്ന് പേടിച്ച് ഞങ്ങള്‍ കുറച്ചു നേരം കൊട്ടാരത്തിന്റെ അകത്തളത്തില്‍ ഇരുന്ന് വിശ്രമിച്ചു.

ചുറ്റുമുള്ള പെയിന്റിങ്‌സ് അതിമനോഹരമായിരുന്നു.  ചിത്രം നോക്കി നടക്കുമ്പോള്‍ അതില്‍ ഉള്ളവരുടെ കണ്ണുകള്‍ നമ്മളെ പിന്തുടരുന്ന പോലെ തോന്നി. അത്രക്കും ജീവനുള്ള ചിത്രങ്ങല്‍ ആയിരുന്നു അവ ഓരോന്നും. അല്‍പ്പം ഭയപ്പെടുത്തുന്ന സൗന്ദര്യം. സാധാരണ മ്യൂസിയത്തില്‍ കാണുന്ന ചരിത്രസംബന്ധമായ വസ്തുക്കള്‍ എല്ലാം ഓരോ  മുറിയിലും ഉണ്ട്. എന്നാല്‍ വളരെ നല്ല രീതിയില്‍ പരിപാലിച്ചിരിക്കുന്ന വര്‍ണശമ്പളമായ വാസ്തുകല ആണ് ഈ കൊട്ടാരത്തിന്റെ പ്രത്യേകത. ഡര്‍ബാര്‍ ഹാളും, സിംഹാസനങ്ങളും, മാര്‍ബിള്‍ തൂണില്‍ കൊത്തിയ മയിലിന്റെ രൂപങ്ങളും എല്ലാം മനസ്സില്‍ ഒരായിരം നിറക്കൂട്ടുകള്‍ നിറച്ചു.
പ്രൗഢഗംഭീരമായ ആ കൊട്ടാരത്തില്‍ നിന്നും കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ പുറത്തിറങ്ങി. നിലവില്‍ ഉള്ള രാജകുടംബാംഗങ്ങള്‍ താമസിക്കുന്ന കൊട്ടാരവും ഈ വളപ്പില്‍ തന്നെ ആണ്. പക്ഷെ ആ ദിശയിലേക്ക് പൊതുജനത്തിന് പ്രവേശനം ഇല്ല. മറ്റനേകം കെട്ടിടങ്ങള്‍ക്കിടയില്‍  കൊട്ടാര സമുച്ചയത്തിനകത്തായി ഇരുപതോളം അമ്പലങ്ങള്‍ ഉണ്ട്. 

കുറച്ച് മുന്നോട്ടു നടന്നപ്പോള്‍ മറ്റൊരു പ്രവേശന ടിക്കറ്റ് എടുത്തു പഴമ നിറഞ്ഞ് നില്‍ക്കുന്ന ഒരു കൊട്ടാരത്തിലേക്ക് കയറി. രാജകുടുംബത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഉള്ള  ഒരു കൊട്ടാരമാണിത്. അവിടത്തെ ഒരു ജീവനക്കാരന്‍ ഇതിന്റെ പ്രത്യേകതകള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. പൂര്‍ണമായും തേക്കിന്‍ തടിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഈ കൊട്ടാരം അല്‍പ്പം കൂടി പൗരാണികമാണ്. രാജകുടംബാംഗങ്ങള്‍ പണ്ട് കൈകാര്യം ചെയ്തിരുന്ന നിത്യോപയോഗ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പണ്ടത്തെ സ്കൂള്‍ ബസ് എന്ന് അവിടുത്തെ ജീവനക്കാരന്‍ വിശേഷിപ്പിച്ച രാജകുടംബത്തിലെ കുട്ടികള്‍ക്കുള്ള പല്ലക്കാണ് ഞങ്ങളുടെ മക്കളെ ഏറെ രസിപ്പിച്ചത്. പിന്നെ അവരുടെ കുപ്പായങ്ങള്‍, റാണിയുടെ മേക്കപ്പ് ബോക്സ്, അങ്ങനെ നന്നേ കാലപ്പഴക്കം ചെന്ന കുറെ സംഭവങ്ങള്‍. ഈ കെട്ടിടം ഏകദേശം ജീര്‍ണാവസ്ഥയിലാണ്. അതിനിടക്ക് ഒരു ചരിത്രബോധവും ഇല്ലാത്ത നമ്മുടെ പൈതൃകത്തോട് ബഹുമാനം ഇല്ലാത്ത ചില തോന്നിവാസികള്‍ ഭിത്തിയില്‍ അവരുടെ പേരുകള്‍ എഴുതി വൃത്തികേടാക്കി വച്ചിരിക്കുന്നു.

അങ്ങനെ അകത്തെ കാഴ്ചകള്‍ ഒക്കെ കണ്ടു കൊട്ടാരത്തിന്റെ വെളിയില്‍ ഉള്ള പൂത്തോട്ടത്തിലേക്ക് നടന്നു. പൂക്കള്‍ ഒന്നും കാര്യമായി ഇല്ല. 97000 ബള്‍ബുകള്‍ തെളിയിച്ച് കൊണ്ടാണ് കൊട്ടാരത്തിനെ ദസറ ഉത്സവകാലത്ത് ദീപാലംകൃതമാക്കുന്നത് . അതിന്റെ ഭാഗമായുള്ള പ്രാരംഭ പണികള്‍ ഞങ്ങള്‍ കണ്ടു. പശ്ചാത്തലത്തില്‍ ഭീമാകാരമായ ഈ കൊട്ടാരക്കെട്ടിനെ മൊത്തം ഒരു ഫ്രെയിമില്‍ ആക്കി കൊണ്ട് ഒരു കുടുംബ സെല്‍ഫി എടുക്കാനുള്ള പരിശ്രമത്തില്‍ എന്നെയും പിള്ളേരെയും കുറെ നേരം നട്ടവെയിലത്ത് നിറുത്തി കുറെ പരീക്ഷണങ്ങള്‍ നടത്തി എന്റെ ശ്രീമാന്‍. എന്തായാലും ഫലം ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ കുറെ നല്ല ചിത്രങ്ങള്‍.
അങ്ങനെ മൈസൂറിന്റെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങല്‍ ഒക്കെ സന്ദര്‍ശിച്ചു. ഇനി ഒരു സായാഹ്നം മുഴുവന്‍ ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ട്. ഇനി എന്ത്? മൈസൂറില്‍ വന്നിട്ട് മൈസൂര്‍ പാക്ക് കഴിച്ചില്ലെങ്കില്‍ ഈ യാത്ര പൂര്‍ണമാവുമോ? ഇപ്പോള്‍ കണ്ടിറങ്ങിയ അംബ വിലാസ് കൊട്ടാരത്തിലെ അടുക്കളയിലാണ് ഈ മധുരം കിനിയുന്ന വിഭവം ആദ്യമായി ഉടലെടുത്തത്. 1884-1940 കാലഘട്ടത്തിലെ വോഡയാര്‍ രാജാവ് ഒരു ഭക്ഷണപ്രിയന്‍ ആയിരുന്നു. ഒരു ദിവസം മഹാരാജാവിന്റെ ഉച്ചഭക്ഷണത്തിനോടൊപ്പം വിളമ്പാന്‍ ഉള്ള മധുരവിഭവം അന്ന് തയാറാക്കിയിട്ടില്ല എന്ന് അദ്ദേഹത്തിന്റെ പ്രധാന കുശിനിക്കാരന്‍ ആയ കാകാസുര മാടപ്പ ഭയത്തോടെ മനസിലാക്കി. മഹാരാജാവ് എഴുന്നള്ളാന്‍ അല്പസമയം മാത്രം ഉള്ളപ്പോള്‍ കൈവശം ഉള്ള കുറച്ചു സാമഗ്രഹികള്‍ ഉപയോഗിച്ച് ഒരു മധുരവിഭവം മാടപ്പ ഉണ്ടാക്കി. മഹാരാജാവിനു അത് വളരെ ഇഷ്ടപ്പെടുകയും അതിന്റെ പേരെന്താണ് എന്ന മാടപ്പയോടു ചോദിക്കുകയും ചെയ്തു. പഞ്ചസാരപ്പാനിയില്‍ ഉണ്ടാക്കിയ വിഭവം എന്ന അര്‍ത്ഥത്തില്‍ പെട്ടന്ന് വായില്‍ തോന്നിയ മൈസൂര്‍ പാക്ക എന്ന് പറഞ്ഞു. അങ്ങനെ ആണ് മൈസൂര്‍ പാക്കിന്റെ ജനനം.

മാടപ്പയുടെ പിന്തുടര്‍ച്ചക്കാര്‍ കൊട്ടാരത്തിനടുത്തെ ദേവരാജ മാര്‍ക്കറ്റില്‍ ഇന്നും നടത്തുന്ന  കടയാണ് ഗുരു സ്വീറ്റ് മാര്‍ട്ട്. നടന്ന് തളര്‍ന്ന  ക്ഷീണം കാരണം അവിടെ പോകാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. പകരം, ശ്രീ മഹാലക്ഷ്മി സ്വീറ്റ് എന്ന കടയില്‍ ആണ് ഞങ്ങള്‍ പോയത്.

മൈസൂര്‍ പാക്ക് എന്ന മധുര വിഭവം എനിക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. ഞങ്ങളുടെ അമ്മാമ, എന്റെ ഡാഡ്‌ഡിയുടെ അമ്മ  ഞങ്ങള്‍ കൊച്ചു മക്കള്‍ക്കായി ഡൈനിങ്ങ് റൂമിന് അരികില്‍ ആയുള്ള മുറിയിലെ ചുമര്‍ അലമാരിയിലെ ചില്ലുഭരണിക്കുള്ളില്‍ നിറച്ചു വയ്ക്കുന്ന സ്നേഹം നിറഞ്ഞ മധുരപലഹാരം. വെറും മൂന്ന് ചേരുവകള്‍ - പഞ്ചസാര, നെയ്യ്, കടലപ്പൊടി - കൃത്യമായ അളവില്‍ ചേര്‍ത്ത് പ്രത്യേക പാകത്തില്‍ ഉണ്ടാക്കിയെടുക്കുന്ന ഈ പലഹാരം ഞങ്ങളുടെ അവധിക്കാല ഓര്‍മ്മ ആണ്. ഞങ്ങള്‍ കൊച്ചുമക്കള്‍ക്ക് എല്ലാവര്‍ക്കും ഈ വിഭവം തയാറാക്കുന്ന വിദ്യ അമ്മാമ പകര്‍ന്ന് തന്നത് മധുരം കിനിയുന്ന കുറെ ഓര്‍മ്മകളില്‍ ഒന്നായി ഇന്നും മനസിലുണ്ട്.

അങ്ങനെ ഞങ്ങളുടെ അവധികാല യാത്ര ഏകദേശം പരിസമാപ്തിയിലെത്തി. കാഴ്ചകള്‍ ഒക്കെ കണ്ട് ഒരു പകലിന്റെ മുഴുവന്‍ ക്ഷീണവുമായി തിരിച്ച് താമസസ്ഥലത്തെത്തി. മോശമല്ലാത്ത ഒരു സ്വിമ്മിങ് പൂള്‍ ഉണ്ടായിരുന്നു ഹോട്ടലില്‍. അച്ഛനും കൊച്ചു മോളും കൂടി പൂളില്‍ കുറച്ച് ജല അഭ്യാസങ്ങള്‍ ഒക്കെ നടത്തുന്നത് ഞാനും സിജിത്രയും കൂടി കരയില്‍ ഇരുന്നു ചിത്രമാക്കി.

അതിനു ശേഷം അത്താഴം കഴിക്കാന്‍ റെസ്റ്റാറ്റാന്റില്‍ കയറി. കുറെയേറെ പാശ്ചാത്യ ടൂറിസ്റ്റുകള്‍ ഉണ്ടായിരുന്നതിനാല്‍ പാട്ടും ബഹളവും ഒക്കെ ആയി അവിടെ നല്ല ഓളം ആയിരുന്നു. നല്ല പ്രായം ചെന്നവര്‍ ആയിരുന്നു ടൂറിസ്റ്റുകളില്‍ അധികവും. എന്നാലും അടിച്ചുപൊളിക്ക് ഒരു കുറവും ഇല്ല. കാഴ്ചകളുടെ ഒരു നീണ്ട പകലിനു ശേഷം  അന്നത്തെ ദിവസം അവസാനിച്ചു . ഇനി മടക്ക യാത്ര.



5

സ്മരണകള്‍ അവസാനിക്കുന്നില്ല 


14/09/2019 - രാവിലെ 8.30ന് ആയിരുന്നു കൊച്ചിയിലേക്കുള്ള ഞങ്ങളുടെ ഫ്ലൈറ്റ് . രാവിലെ 6.45 മണിക്ക് ഞങ്ങള്‍ ഹോട്ടലില്‍ നിന്നും വിട പറഞ്ഞ് എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. മൈസൂര്‍ അല്‍പ്പം പുലര്‍കാല ആലസ്യം നിറഞ്ഞ നഗരം ആണ്. കടകള്‍ ഒക്കെ രാവിലെ 10.30-11 മണിയാകുമ്പോള്‍ മാത്രമേ തുറക്കുകയുള്ളൂ. പക്ഷെ എല്ലാവരും വളരെ ആരോഗ്യബോധം ഉള്ളവര്‍ ആണെന്ന് തോന്നുന്നു. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അതിരാവിലെ ഉഷാറോടെ വ്യായാമം ചെയ്യാന്‍ നിരത്തില്‍ ഇറങ്ങിയിട്ടുണ്ട്. വണ്ടികള്‍ അധികം ഇല്ലാത്ത വഴിയിലൂടെ  ഞങ്ങള്‍ എഴേകാല്‍ മണിയോടെ എയര്‍പോര്‍ട്ടില്‍ എത്തി.

കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് യാത്രക്കാര്‍ മാത്രമേ എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ചെറിയ എയര്‍പോര്‍ട്ട് ആയതിന്റെ പരിമിതികള്‍ സെക്യൂരിറ്റി ചെക്കിങ്ങില്‍ കാണാമായിരുന്നു. എന്തായാലും ആ വക കലാപരിപാടികള്‍ ഒക്കെ കഴിഞ്ഞു ഞങ്ങളുടെ വിമാനത്തിനായി കാത്തിരിപ്പായി. ഒരു പ്ലേഗ്രൗണ്ട് പോലെ തോന്നിക്കുന്ന റണ്‍വേയിലേക്ക് നോക്കിയിരുന്ന് ഹോട്ടലില്‍ നിന്നും പാക്ക് ചെയ്തു തന്ന ഞങ്ങളുടെ പ്രഭാതഭക്ഷണം കഴിച്ചു കുറച്ചു നേരം അവിടെ ഇരുന്നു. ചെറിയ എയര്‍പോര്‍ട്ടിന്റെ അന്തരീക്ഷം കുട്ടികളെ പോലെ തന്നെ ഞങ്ങള്‍ക്കും കൗതുകം ആയിരുന്നു. എട്ടേകാലിനു എത്തേണ്ട വിമാനം സമയം ആയിട്ടും കാണാനും ഇല്ല, സ്റ്റാഫിന് വേണ്ടിയുള്ള ചെറിയ സ്കൂള്‍ ബസ്   പോലെ തോന്നുന്ന വാഹനങ്ങള്‍ റണ്‍വേ വഴി പോകുന്നും ഉണ്ട്. ഞങ്ങളുടെ സംശയകുടുക്ക സിനീജക്ക് സംശയങ്ങള്‍ ഉദിച്ചില്ലെങ്കില്‍ അല്ലേ അത്ഭുതം ഉള്ളൂ.
ഏതായാലും 8:45 ആയപ്പോഴേക്കും ഞങ്ങളുടെ വിമാനം കുണുങ്ങി കുണുങ്ങി എത്തി. അങ്ങനെ മൈസൂറിനോട് യാത്ര പറഞ്ഞു മടക്കയാത്രക്കായി വിമാനത്തിലേക്ക്  കുറച്ചു ചിത്രങ്ങളും എടുത്ത് നടന്നു കയറി. വൈകിയാണ് പുറപ്പെട്ടതെങ്കിലും വിമാനം കൃത്യം 9.50നു തന്നെ കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു. സിജിത്രയുടെ ഭാഷയില്‍ പറഞ്ഞാല്‍ ലേഡി പൈലറ്റ് ഫ്ലൈറ്റ് അല്‍പ്പം ചവിട്ടി വിട്ടു കാണണം.
  മൈസൂര്‍ തീര്‍ച്ച ആയും ഒരു ഗ്രൂപ്പ് ആയിട്ട് യാത്ര ചെയ്യേണ്ട ഇടം ആണ്.  പക്ഷെ പൂര്‍ണമായും  മക്കളുടെ കൂടെ ഞങ്ങള്‍ക്ക് ചിലവഴിക്കാന്‍ കിട്ടുന്ന സമയം വിലമതിക്കാനാവാത്തതാണ്. ജോലി തിരക്കുകളും മറ്റു ഉത്തരവാദിത്തങ്ങളും പിന്നെ ടി വി, സോഷ്യല്‍ മീഡിയ തുടങ്ങിയവ  ഒക്കെ മാറ്റി വച്ച് മക്കളോടൊപ്പം അവരുടെ കണ്ണുകളിലൂടെ കാഴ്ചകള്‍ കണ്ട്, കളി പറഞ്ഞ്, ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ ഇനിയും യാത്രകള്‍ ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.

###########

Comments

Popular posts from this blog

New Homes for the Tuskers

Master of Marketing Research (MMR)

Sequels in Malayalam Film Industry