Shesham (Ente Maranam:2): A Superstitous Experience
ശേഷം: എന്‍റെ മരണം 2
ഡോ: സിബു സി. ചിത്രന്‍
മേഘങ്ങളെ മെല്ലെ തള്ളി നീക്കി ഞാന്‍
മുകളിലേക്കുയര്‍ന്നു. ഇന്നേവരെ സഞ്ചരിച്ചിട്ടില്ലാത്ത ആ പുതിയ വഴി. എനിക്കത് വളരെ
രസകരമായി തോന്നി. ഓരോ മേഘശകലങ്ങളെ നീക്കുമ്പോഴും അവയിലെ ഊഷ്മളത എന്നില്‍ ആഴ്ന്നിറങ്ങുകയായിരുന്നു.
ക്ഷീണം എന്നത് തെല്ലും അനുഭവപ്പെട്ടില്ല.
എപ്പോഴോ ആ യാത്രക്കിടയില്‍ ഞാന്‍ താഴേക്ക്
നോക്കുമ്പോള്‍ എന്‍റെ ചിത കേട്ടടങ്ങുകയായിരുന്നു. അവസാനമായി അത് ഒന്നുകൂടെ ആളി.
എന്‍റെ ദേഹം വെന്ത് വെണ്ണീര്‍ ആവുന്ന അവസ്ഥ ഞാന്‍ നേരില്‍ കണ്ടു.
വളരെ ദൂരം സഞ്ചരിച്ച് ഞാന്‍ ഒരു ഭീമാകാരമായ
വാതിലിന്റെ മുന്നില്‍ എത്തി. അവിടങ്ങളില്‍ തണുപ്പും ചൂടും ഇടകലര്‍ന്ന ഒരുതരം
കാറ്റ് വീശുന്നുണ്ടായിരുന്നു. എന്‍റെ മുന്നിലെ വാതില്‍ മെല്ലെ തുറക്കപ്പെട്ടു. ഞാന്‍
അകത്തേക്ക് കയറുവാന്‍ ഭാവിക്കവെ ഒരാള്‍ പുറത്തേക്കിറങ്ങി വന്നു.
“ഞാന്‍ നിന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
നിനക്ക് ചിത്രഗുപ്തന്റെ സ്വാഗതം.”
എന്ത് പറയണമെന്നറിയാതെ ഞാന്‍ നില്‍ക്കവെ
വാതിലില്‍ നിന്നും മറ്റൊരാള്‍ ഇറങ്ങി വന്ന്‍ എണ്ണിത്തിട്ടപ്പെടുത്തിയ ഒരു കെട്ട്
പുസ്തകങ്ങള്‍ ചിത്രഗുപ്തനെ ഏല്‍പ്പിച്ചു.
“ഇത് നിന്റെ ചെയ്തികള്‍. ഭൂമിയില്‍ നീ
ജന്മമെടുത്തിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷവും രണ്ടു മാസവും ഇരുപത്തിരണ്ടു ദിവസവും
കഴിഞ്ഞിരിക്കുന്നു. നിയമപ്രകാരം നിന്റെ ആയുസ്സും. ഈ ഗ്രന്ഥത്തില്‍ നിറെ
ഗുണദോഷങ്ങള്‍ അടങ്ങുന്നു. അവ വേര്‍തിരിച്ചു നോക്കുമ്പോള്‍ നിനക്ക് ഗുണം...”
ഞാന്‍ സന്തോഷിച്ചു. ഗുണമുള്ളവര്‍ക്ക് സ്വര്‍ഗ്ഗം;
ദോഷികള്‍ക്ക് നരകം എന്ന്‍ പണ്ടേതോ മുത്തശ്ശി പറഞ്ഞത് ഞാന്‍ ഓര്‍ത്തുപോയി.
“...കുറവ്. അതിനാല്‍ നിനക്ക് നരകജീവിതം ഇനി
വിധിക്കപ്പെടുന്നു.”
ചിത്രഗുപ്തന്‍ തന്‍റെ വിധി പൂര്‍ത്തീകരിച്ചു.
എന്‍റെ സന്തോഷത്തിന്റെ അലവിനോടു നേരെ ഇരട്ടി
ദുഖമാണ് ചിത്രഗുപ്തന്റെ വിധി എനിക്ക് സമ്മാനിച്ചത്. ഇനി എന്ത് എന്ന് ആലോചിച്ചു
നില്‍ക്കവെ എന്‍റെ മുന്നിലെ വാതില്‍ ഒരിക്കല്‍ കൂടി മലര്‍ക്കെ തുറന്നു.
യമധര്‍മ്മന്റെ വരവാണ്. പോത്തിന്റെ പുറത്ത്
കൈയ്യില്‍ ഒരു വലിയ കുരുക്കുകയറുമായി. കൊമ്പന്‍ മീശയും, കിരീടവും വച്ച ആ കറുകറുത്ത
ശരീരത്തെ ഞാന്‍ ഒന്നേ നോക്കിയുള്ളൂ. ആരേയും ഭയപ്പെടുത്തുന്ന വിധമായിരുന്നു യമധര്‍മ്മന്റെ
ചോരക്കണ്ണുകളുടെ നോട്ടം.
“നിനക്കെന്നെ അനുഗമിക്കാം.”
യമധര്‍മ്മന്റെ ശബ്ദം ഇടിനാദം പോലെ എന്‍റെ
ചെവികളില്‍ വന്നലച്ചു. അയാളെ പിന്തുടരുകയെ എനിക്ക് നിവൃത്തി ഉണ്ടായിരുന്നുള്ളൂ. യമവാഹനമായ
ദുര്‍ഗന്ധം വമിക്കുന്ന പോത്തിന് പിന്നാലെ ഞാന്‍ നീങ്ങി. എന്‍റെ മുന്നിലെ
വാതിലിലൂടെ ഞാന്‍ അകത്തു പ്രവേശിച്ചു.
വിശാലമായ അവിടം രണ്ടു വഴികളായി പിരിയുകയാണ്.
വലത്ത് നിന്ന് സുഗന്ധവും, ആര്‍പ്പുവിളികളും, സംഗീതവും മറ്റും ഉയരുന്നു. അതൊരുപക്ഷേ
സ്വര്ഗ്ഗമാവാം, ഞാന്‍ കരുതി. യമധര്‍മ്മന്‍ എന്നെ ഇടതു വഴിയിലേക്കാണ്
നയിച്ചത്. അന്ധകാരം നിറഞ്ഞതും, കുറുക്കന്മാരുടെ ഊരിയിടലുകളാല്‍ ഭയാനകവുമായിരുന്നു
ആ പാത. അത് നരകത്തിലേക്ക് ഉള്ളത് തന്നെ, ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. നരകത്തോടടുക്കുന്തോറും
മനുഷ്യരുടെ ആര്‍ത്തനാദങ്ങള്‍ വ്യക്തമായിക്കൊണ്ടിരുന്നു. ആകെ ഒരു മൂടല്‍. കണ്ണുകളില്‍
പുകച്ചുരുളുകള്‍ വന്ന്‍ നിറയുകയാണ്. അസഹ്യമായ ചൂടും.
ഒടുവില്‍ ഞാന്‍ നരകത്തിലെത്തി. യമധര്മന്റെ സഹായികള്‍
അദ്ദേഹത്തെ കണ്ട് ബഹുമാനപുരസ്സരം വണങ്ങി. തുടര്‍ന്ന്‍ എന്നെ ശിക്ഷിക്കുവാനുള്ള
തയ്യാറെടുപ്പിലായി അദ്ദേഹം.
നരകത്തിലെ ശിക്ഷാവിധികള്‍ വളരെ
കടുപ്പമേറിയതായിരുന്നു. തിളയ്ക്കുന്ന വെള്ളത്തില്‍ മുക്കിയും, ചാട്ടവാറാല്‍ മര്‍ദ്ധിച്ചും,
ചുട്ടുപഴുത്ത കമ്പികൊണ്ട് പൊള്ളലേല്‍പ്പിച്ചും, അഴുകിയ കുളങ്ങളില്‍ കിടത്തി വെള്ളം
കുടിപ്പിച്ചും, അങ്ങനെ മറ്റു പല വിധത്തിലും അവര്‍ എന്നെ ശിക്ഷിച്ചു. അപ്പോഴെല്ലാം
ഞാന്‍ വേദന കൊണ്ട് പുളയുകയായിരുന്നു.
ആ വേദനയ്ക്കിടയിലെപ്പോഴോ ഞാന്‍ അവളെ കുറിച്ച്
ഓര്‍ത്തു. അവള്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാവും? എനിക്കവളെ കാണണം. കണ്ടേ തീരു. ഈ
വേദനകള്ക്കിടയില്‍ എനിക്ക് അത് ഒരാശ്വാസമായേനെ. എങ്ങനെയും അവളുടെ അടുത്തെത്തുവാന്‍
എന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു.
ഒരവസ്സരത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു.
അന്ന്‍ യമധര്‍മ്മനെ അവിചാരിതമായി കണ്ടുമുട്ടി. ഇത് തന്നെ അവസ്സരം. ഞാന്‍
അദ്ദേഹത്തോട് കാര്യം പറഞ്ഞു. പക്ഷേ വഴങ്ങുന്ന മട്ടില്ല. ഒടുവില്‍ ഞാന്‍
അദ്ധേഹത്തിന്റെ കാല്‍ക്കല്‍ വീണപേക്ഷിച്ചു. എന്‍റെ നിലകണ്ട് മനസ്സലിഞ്ഞ അദ്ദേഹം എനിക്ക്
അനുവാദം നല്‍കി, വെറും രണ്ടു ദിവസത്തേക്ക്.
രണ്ടേരണ്ടു ദിവസമെങ്കിലും, എനിക്കത് ധാരാളമായി
തോന്നി. അത്ര ക്ലേശകരമായിരുന്നു അവിടുത്തെ ശിക്ഷകളും മറ്റും. പക്ഷേ ഒരു പ്രശ്നം.
എനിക്ക് ഭൂമിയില്‍ എത്തണമെങ്കില്‍ വീണ്ടും ഒരു ദേഹം കൂടിയേ തീരൂ. അതിന് വഴി കണ്ടത്
ചിത്രഗുപ്തനാണ്. അവളെ അടുത്ത് കാണണമെങ്കില്‍, അതിനു പറ്റിയ സ്ഥലം കോളേജ് ക്യാമ്പസ്
തന്നെ. അങ്ങനെ ഞങ്ങളുടെ കോളേജിലെ അദ്ധ്യാപകനായ ഗോപി സാറിന്‍റെ ശരീരം ചിത്രഗുപ്തന്‍
എനിക്കായി ഒരുക്കി. അത് എനിക്കും സന്തോഷമായിരുന്നു. കാരണം, യുവാവും ആരോഗ്യവാനുമായ ഗോപി
സാറിന്‍റെ ശരീരത്തില്‍ ഞാന്‍ സുരക്ഷിതനായിരിക്കും. മറ്റാര്‍ക്കും യാതൊരു സംശയവും
തോന്നാത്ത വിധത്തില്‍ അവളുമായി കൂടുതലടുക്കുവാനും അത് ഉപകരിക്കും. ഞാന്‍
ചിത്രഗുപ്തന് മനസ്സാല്‍ നന്ദി പറഞ്ഞു.
“മൂന്നാം ദിവസം പുലര്‍ച്ചെ നീ ഇവിടെ ഉണ്ടാവണം.
ഇല്ലെങ്കില്‍...”
യമധര്‍മ്മന്‍ വാക്കുകള്‍ മുഴുമിപ്പിച്ചില്ല.
സ്വര്‍ഗ്ഗത്ത് പോലും ഇത്ര സന്തോഷം ഒരു പക്ഷേ
ഉണ്ടാവില്ല. ഞാന്‍ മെല്ലെ താഴേക്ക് ഇറങ്ങി. ഭൂമിയുടെ കുളിര്‍മ്മ എനിക്ക് വളരെ അകലെ
നിന്നുതന്നെ അനുഭവപ്പെട്ടു.
ഞാന്‍ എത്തിപ്പെട്ടത് ഗോപി സാറിന്‍റെ
വീട്ടിലാണ്. നേരം പരപരാ വെളുത്ത് വരുന്നതേയുള്ളൂ. സാറുണര്‍ന്നിട്ടില്ല. ഞാന്‍
മെല്ലെ സാറിലേക്ക് കടന്നു.
സാറിലെ ഞാന്‍ ഉണര്‍ന്നു. കുളികഴിഞ്ഞ് അതിരാവിലെ
തന്നെ വീട്ടില്‍ നിന്നും ഇറങ്ങി. വഴിക്ക് വച്ച് ചിലര്‍ പുഞ്ചിരിച്ചു. മറ്റുചിലര്‍
സുപ്രഭാതം ആശംസിച്ചു.
ആരാണവര്‍? സാറിന്‍റെ പരിചയക്കാര്‍?? ഞാന്‍
അവരോട് തിരിച്ച് ഒന്നും തന്നെ സംസാരിച്ചില്ല.
ഞാന്‍ നേരെ പോയത് എന്‍റെ വീട്ടിലേക്കാണ്. അച്ഛനും
അമ്മയും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ അവരിരുവരും
പൂജാമുറിയിലായിരുന്നു. ഞാന്‍ മെല്ലെ അങ്ങോട്ട് കടന്നു ചെന്നു. ഇരുവരും പ്രാര്‍ത്ഥനയിലായിരുന്നു.
അവരുടെ ഒരേയൊരു മകന്റെ അത്മശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന. ഞാന്‍ വിളിച്ചു.
“അച്ഛാ, അമ്മേ; ഞാന്‍ ഇതാ തിരിച്ച്
വന്നിരിക്കുന്നു.”
പക്ഷേ നിശബ്ദം. എനിക്ക് സംസാരശേഷി ഇല്ലെന്ന്
അപ്പോള്‍ മാത്രമാണ് ഞാന്‍ അറിഞ്ഞത്. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. സംസാരശേഷി ഇല്ലാത്ത
ഗോപി സാറിന്‍റെ രൂപത്തിലുള്ള എന്നെ ആര് തിരിച്ചറിയാന്‍? ഞാന്‍ വീട്ടില്‍
നിന്നിറങ്ങി ഓടി. ആ ദുഃഖം എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.
കോളേജിലെത്തിയാണ് ഞാന്‍ ഓട്ടം നിര്‍ത്തിയത്. വല്ലാതെ
കിതക്കുന്നുണ്ടായിരുന്നു ഞാന്‍. സമയം ഏകദേശം ഒരെട്ടെര ആയിക്കാണും. ഇനിയും
സമയമുണ്ട് അവള്‍ വരാന്‍. അതെങ്കിലും നടന്നാല്‍ മതിയായിരുന്നു.
എന്‍റെ കോളേജ് ക്യാമ്പസ് മുഴുവനും ഞാന്‍
ഒരിക്കല്‍ക്കൂടി ചുറ്റിനടന്നു കണ്ടു. പഴയ ഓര്‍മ്മകള്‍ എന്നെ വരിഞ്ഞു മുറുക്കി.
അവളെ ആദ്യമായി കണ്ട സ്ഥലം, അവളോട് ആദ്യമായി സംസാരിച്ചത്, എല്ലാം ഞാന്‍ വീണ്ടും അനുഭവിച്ചറിഞ്ഞു.
ഓര്‍മ്മകളില്‍ ഒഴുകിനടന്ന ഞാന്‍ സമയം പോയതറിഞ്ഞില്ല.
കോളേജ് ബെല്ലാണ് എന്നെ ഓര്‍മ്മകളില്‍ നിന്നും
ഉണര്‍ത്തിയത്. മണി ഒന്‍പതായിക്കാണും, ഞാന്‍ കണക്ക് കൂട്ടി. ഞാന്‍ പതിയെ എന്‍റെ
ക്ലാസ്സിലേക്ക് നടന്നു. ഫസ്റ്റവര്‍ ഫ്രീയാണ്. എന്‍റെ സഹപാഠികള്‍ ക്ലാസ്സില്‍ കുശലം
പറഞ്ഞിരിക്കുന്നു. പക്ഷേ, അവള്‍ ആ കൂട്ടത്തിലില്ലായിരുന്നു. ഞാന്‍ ക്ലാസ്സില്‍നിന്നും
ഇറങ്ങി. മെല്ലെ ക്യാമ്പസ്സിലൂടെ അവളെ തിരഞ്ഞു നടന്നു.
അതാ അവള്‍. ആ ചൂളമരച്ചോട്ടില്‍. എന്‍റെ നടത്തം
വേഗതയിലായി. പെട്ടെന്ന് ഞാന്‍ നിന്നു. ആരാണ് അവളുടെ കൂടെ? എനിക്ക്
വിശ്വസിക്കാനായില്ല. അത് ജെയിംസ് അല്ലേ? എന്നെ അങ്ങേയറ്റം ദ്രോഹിച്ച ജെയിംസ്.
ഞാന്‍ ഇതാരോടും പറഞ്ഞിരുന്നില്ല. എല്ലാം മനസ്സിലൊതുക്കി വെച്ചു. അവളോടുള്ള സ്നേഹം
പോലെ. ഇപ്പോള്‍ അവരിരുവരും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു.
എനിക്ക് സഹിക്കാനായില്ല. എന്തുചെയ്യണമെന്നറിയാതെ
ഞാന്‍ ഒരു നിമിഷം പകച്ചു നിന്നുപോയി. ഈ ലോകത്തോടുതന്നെ എനിക്ക് വെറുപ്പ് തോന്നി.
പിന്നെ ഇങ്ങനെ ചിന്തിച്ചു. ഞാന്‍ എന്തിനു വെറുക്കണം. എല്ലാം ഞാന്‍ എന്നില്‍ത്തന്നെ
മറച്ചു പടിക്കുകയായിരുന്നില്ലേ? അവരെ എന്തിന് കുറ്റപ്പെടുത്തണം?? അതെ അതാണ്
അതിന്റെ ശരി. ഒരു പക്ഷേ, ഈ സത്യം എനിക്ക് മനസ്സിലാക്കിത്തരുവാന്‍ ആകും യമധര്‍മ്മനും
ചിത്രഗുപ്തനും ചേര്‍ന്ന്‍ ഇങ്ങനെ ഒരു അവസരം എനിക്കായി ഒരുക്കിയത്. അതാവാം എന്‍റെ
ജീവിതത്തിലെ ഏറ്റവും വലിയ അപരാധവും.
തളര്‍ന്ന മനസ്സുമായി ഞാന്‍ എന്‍റെ
മടക്കയാത്രക്കായി ഒരുങ്ങി – ആദ്യദിവസത്തെ പ്രഭാതത്തില്‍ തന്നെ. ഞാന്‍ ഏറ്റവും
ഇഷ്ടപ്പെട്ടിരുന്ന എന്‍റെ കോളേജ് ക്യാമ്പസ്സില്‍ നിന്നും നരകത്തിലേക്ക്. എന്നെ കാത്തുകിടക്കുന്ന
ശിക്ഷകളിലേക്ക് - ഞാന്‍ അതിനര്‍ഹാനാനെന്ന ഉത്തമ ബോധത്തോടെ.
ഗോപി സാറിനോട് നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ പറന്നകന്നു. വീണ്ടും മേഘങ്ങളെ തള്ളിനീക്കി, അവയുടെ ഉഷ്മളതയേറ്റുകൊണ്ട്...
@@@@@@@@@@@@@@
Comments