Thikachum Sadharanam: The New Management Style



തികച്ചും സാധാരണം
ഡോ: സിബു സി. ചിത്രന്‍

Image result for management solution

“മോനേ, രാമു എണീക്കെടാ. മണി എഴായില്ലേ? മതി കിടന്നത്. കുളിച്ച് ഇന്റെര്‍വ്യൂന് പോകാന്‍ നോക്ക്.”

സുമതിക്കുട്ടി ടീച്ചറുടെ വിളി രാമനാഥനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി. എങ്കിലും മടി പിടിച്ച് അയാള്‍ കട്ടിലില്‍ തന്നെ കുത്തിയിരുന്നു. 

“എടാ മോനേ, നിന്നോടല്ലേ പറഞ്ഞത്.”

സുമതിക്കുട്ടി ടീച്ചറുടെ വിളി വീണ്ടും അയാള്‍ കേട്ടു. 

“ഈ അമ്മയുടെ ഒരു കാര്യം. സ്വസ്ഥമായി ഒന്നുറങ്ങാന്‍ കൂടി സമ്മതിക്കില്ല.”

രാമനാഥന്‍ പിറുപിറുത്തു. 

അയാള്‍ കുളി കഴിഞ്ഞു വന്നപ്പോഴേക്കും സുമതിക്കുട്ടി ടീച്ചര്‍ അയാള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു. ഭക്ഷണത്തിനിടയില്‍ സുമതിക്കുട്ടി ടീച്ചര്‍ നല്‍കിയ ഒരായിരം ഉപദേശങ്ങള്‍ രാമനാഥന്‍ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ കളഞ്ഞു. 

ഇതില്‍ അതിശയിക്കാന്‍ ഒന്നുമില്ല. അയാള്‍ക്ക് തന്‍റെ അമ്മയെ നന്നായറിയാം. തന്നെയുമല്ല ഇതിന് മുമ്പും എത്ര ഇന്റെര്‍വ്യൂവിന് പോയിട്ടുള്ളതാണ്. പണ്ടേ കേട്ടു മടുത്ത ഉപദേശങ്ങള്‍. 

ഭക്ഷണം കഴിച്ചു കഴിഞ്ഞു രാമനാഥന്‍ കൈ കഴുകി. പത്രം ഒന്നോടിച്ചു വായിച്ച ശേഷം അയാള്‍ ഇന്റെര്‍വ്യൂവിന് പോകുവാന്‍ തയ്യാറായി. സര്‍ട്ടിഫിക്കറ്റുകളും മറ്റും എടുത്ത് അയാള്‍ തന്‍റെ അമ്മയോട് യാത്രപറഞ്ഞു.

“മോനേ, അച്ഛനെ മനസ്സില്‍ ധ്യാനിച്ച് ഇറങ്ങിക്കോളൂ. ഇത് നിനക്ക് കിട്ടും എന്ന് എന്‍റെ മനസ്സ് പറയുന്നു.”

“വരട്ടെ അമ്മേ.”

അയാള്‍ ചോദിച്ചു.

അവര്‍ തന്‍റെ മകനെ സസന്തോഷം യാത്രയാക്കി. മകന്‍ കണ്ണില്‍ നിന്നും മറയും വരെ സുമതിക്കുട്ടി ടീച്ചര്‍ വീടിന്‍റെ ഉമ്മറത്ത് തന്നെ നിന്നു. തന്‍റെ ഭര്‍ത്താവ് ഉണ്ടായിരുന്നെങ്കില്‍, അവര്‍ ഒരു നിമിഷം ചിന്തിച്ചുപോയി. ആ ചിന്ത അവരെ കണ്ണീരിലാഴ്ത്തി. 
  
ഇന്റെര്‍വ്യൂവിന്  ഒരു മണിക്കൂര്‍ മുമ്പേ അയാള്‍ ഓഫീസിലെത്തി. ഓരോരുത്തരായി എത്തിച്ചേരുന്നു. അവരില്‍ ആരാണ് അല്ലെങ്കില്‍ ആരൊക്കെയാണ് ഉദ്യോഗാര്‍ത്ഥികള്‍ അല്ലെങ്കില്‍ ആ സ്ഥാപനത്തിലെ ജോലിക്കാര്‍ എന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അത്രത്തോളം മികച്ച വേഷവിധാനങ്ങള്‍ ആയിരുന്നു അവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക്. എല്ലാവര്ക്കും ടൈയും കോട്ടും എല്ലാമുണ്ട്. 

അയാള്‍ താന്‍ ധരിച്ചിരുന്ന സാധാരണ വേഷം ഒന്ന് നോക്കി. അതയാള്‍ക്ക് ഒരു കുറവായി തോന്നിയില്ല. ഒരു സാധാരണക്കാരന്റെ വേഷം ധരിച്ചതില്‍ അയാള്‍ക്ക്  എന്തെന്നില്ലാത്ത അഭിമാനം തോന്നി. 

സമയം നീങ്ങിക്കൊണ്ടിരുന്നു. ഇന്റെര്‍വ്യൂ തുടങ്ങുവാന്‍ പത്ത് മിനിറ്റ് ഉള്ളപ്പോള്‍ എച്ച്.ആര് മാനേജര്‍ ചന്ദ്രന്‍ ഒഫീസിലെത്തി. അദ്ദേഹത്തെ കണ്ട് മറ്റ് ജീവനക്കാര്‍ ബഹുമാനപുരസ്സരം തങ്ങളുടെ സീറ്റുകളില്‍ നിന്നും എഴുന്നേറ്റിരുന്നു. 

ക്യാബിനില്‍ പ്രവേശിച്ച ഉടനെ എച്ച്.ആര് മാനേജര്‍ തന്‍റെ പി എ യെ വിളിച്ചു. പക്ഷേ പ്യൂണ്‍ രമേശ് ആണ് വന്നത്.

“എന്താ രമേശേ, ജോസഫ്‌ വന്നിട്ടില്ലേ?”

എച്ച്.ആര് മാനേജര്‍ അന്വേഷിച്ചു.

“ഇല്ല സാര്‍, കുറച്ച് മുന്നേ വിളിച്ചിരുന്നു. സാറിനെ വിളിച്ചിട്ട് കിട്ടിയില്ലെന്നും ഇന്ന് കുഞ്ഞിനേയും കൊണ്ട് ഹോസ്പിറ്റലില്‍ പോകണമെന്നും പറഞ്ഞു.”

“ഓ, ഞാന്‍ മറന്നു ഇന്നലെ സൂചിപ്പിച്ചിരുന്നു, ചിലപ്പോള്‍ ലീവ് ആയിരിക്കുമെന്ന്. അപ്പോള്‍ ഞാന്‍ തന്നെയാ ലീവ് പിന്നെ ആവശ്യമുണ്ടെങ്കില്‍ അപ്ലൈ ചെയ്താല്‍ മതിയെന്ന് പറഞ്ഞത്. സാരമില്ല അസ്സിസ്ടന്റും ഇന്ന് ലീവാണല്ലോ, ഞാന്‍ തന്നെത്താന്‍ മാനേജ് ചെയ്തോളാം. രമേശ് ലിസ്റ്റ് അനുസരിച്ച് ഓരോരുത്തരെ വിളിച്ചോളൂ.”

“ആയിക്കോട്ടെ, സാര്‍.”

രമേശ് എച്ച്.ആര് മാനേജറുടെ ക്യാബിനില്‍ നിന്നും പുറത്തിറങ്ങി. ഇന്റെര്‍വ്യൂക്കാരുടെ ലിസ്റ്റ് അനുസരിച്ച് രമേശ് പേര് വിളിച്ചു. എല്ലാവരും വന്നിട്ടുണ്ട്. എച്ച്.ആര് എക്സിക്യൂട്ടീവിന്റെ പോസ്റ്റല്ലേ ആരെങ്കിലും വേണ്ടെന്നു വെക്കുമോ. 

എല്ലാവരുടെയും ഹാജര്‍ എടുത്ത ശേഷം രമേശ് ഓരോരുത്തരെയായി എച്ച്.ആര് മാനേജറുടെ അടുത്തേക്ക് അയച്ചു. രാമനാഥന്‍ ആകെ വിഷമത്തിലായി. ഓരോ പേര് വിളിക്കുമ്പോഴും അയാളുടെ ചങ്കിടിക്കുകയായിരുന്നു. ദൈവമേ! എപ്പോഴാണാവോ തന്റെ ഊഴം.

ഏറ്റവും അവസാനമാണ് രാമനാഥന്റെ പേര് വിളിച്ചത്. ഡോര്‍ തുറന്ന്‍ അയാള്‍ എച്ച്.ആര് മാനേജറുടെ ക്യാബിനില്‍ പ്രവേശിച്ചു.

“ഗുഡ് മോര്‍ണിംഗ് സാര്‍.”

‘യെസ്, ഗുഡ് മോര്‍ണിംഗ്. ടേക്ക് യുവര്‍ സീറ്റ്‌.”

“താങ്ക്യൂ സാര്‍.”

തുടര്‍ന്ന്‍ എച്ച്.ആര് മാനേജര്‍ ചില ചോദ്യങ്ങള്‍ രാമനാഥനോട് ചോദിച്ചു. തിരക്കേടില്ലാത്ത പ്രകടനമായിരുന്നു അയാളുടേത്. പിന്നീട് ചന്ദ്രന്‍ രാമനാഥന്റെ സെര്‍റ്റിഫിക്കറ്റുകള്‍ പരിശോധിച്ചു. അതിനിടയില്‍ ചന്ദ്രന്‍ രാമനധനോട് ഒരു അത്ഭുതത്തോടെ ചോദിച്ചു.

“പരമേശ്വരന്‍ മാസ്റ്ററുടെ മകനാണല്ലേ?”

“അതെ സാര്‍.” 

“ഞാന്‍ മാസ്റ്ററുടെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. എനിക്ക് അദ്ദേഹത്തോട് തീരാത്ത കടപ്പാടുണ്ട്. ഇന്ന് ഞാന്‍ ഈ നിലയിലെത്താന്‍ പരമേശ്വരന്‍ മാസ്റ്റരാണ് കാരണം.”

രാമനാഥന്‍ നന്ദി സൂചകമായി ഒന്ന് ചിരിച്ചു.

“രാമനാഥന്‍ വിഷമിക്കേണ്ട. ഈ ജോലിക്കായി എന്‍റെ എല്ലാ സഹകരണവും തനിക്ക് ലഭിക്കും.”  

“താങ്ക്യൂ സാര്‍.”

തികഞ്ഞ സംതൃപ്തിയോടെ അയാള്‍ എച്ച്.ആര് മാനേജര്‍ ചന്ദ്രന്റെ ക്യാബിനില്‍ നിന്നും ഇറങ്ങി. രാമനാഥന്‍ പുറത്തിറങ്ങിയ ഉടനെ എച്ച്.ആര് മാനേജറുടെ മൊബൈല്‍ ശബ്ദിച്ചു. മിനിസ്റ്ററുടെ കോള്‍ ആണ്.

“ഹലോ, മി. ചന്ദ്രന്‍, എന്തുണ്ട് വിശേഷം? ഇന്റെര്‍വ്യൂ ഒക്കെ കഴിഞ്ഞോ?”

“യെസ് സാര്‍. ദാ, ഇപ്പൊ തീര്‍ന്നെയുള്ളൂ.” ചന്ദ്രന്‍ ബഹുമാനപുരസരം മറുപടി നല്‍കി.

“ആ, എടോ നമുക്ക് വേണ്ടപ്പെട്ട ഒരു പുള്ളി അതിലുണ്ട്. ഒരു സുനില്‍ കുമാര്‍ കെ. എസ്സ്. താന്‍ ഈ പോസ്റ്റ്‌ അയാള്‍ക്ക് കൊടുത്തേക്ക്.”

ചന്ദ്രന്‍ പെട്ടെന്ന്‍ വല്ലാതായി.

“സാര്‍, പക്ഷേ അയാളെക്കാളും നന്നായി പെര്‍ഫോം ചെയ്തവരുണ്ട്‌. സുനിലിന് ബിലോ ആവറെജ് മാക്കെയുള്ളൂ. തന്നെയുമല്ല ക്വാളിഫൈടുമല്ല.”

“എന്തോന്ന്‍ ക്വാളിഫിക്കെഷനെടോ? ഇതൊക്കെ തികച്ചും സാധാരണമല്ലേ. ഇയാള്‍ ഞാന്‍ പറഞ്ഞ പോലെ ചെയ്യ്‌. ബാക്കി ഞാന്‍ നോക്കിക്കോളാം.”

ചന്ദ്രന് അത് മറുത്ത് പറയണമെന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും മിനിസ്റ്റര്‍ ഫോണ്‍ കട്ടാക്കി.
ഇന്റെര്‍വ്യൂ കഴിഞ്ഞു രാമനാഥന്‍ വീട്ടിലെത്തി. തന്‍റെ മകനെ കണ്ട് സുമതിക്കുട്ടി ടീച്ചറുടെ മനസ്സ് വിവരങ്ങള്‍ അറിയാനായി തുടിച്ചു. 

“എങ്ങനുണ്ടായിരുന്നു മോനേ, കിട്ടുമോ?”

സന്തോഷവാനായി രാമനാഥന്‍ പറഞ്ഞു.

“ഇത് എനിക്ക് ഉറപ്പാണമ്മേ. ആ ഓഫീസ്സിലെ എച്ച്.ആര് മാനേജര്‍ ചന്ദ്രന്‍ സാര്‍ അച്ഛന്റെ ശിഷ്യനാണ്. അദ്ദേഹം എന്നെ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അത്രക്ക് കടപ്പാടുണ്ടാത്രേ അച്ഛനോട്.”

മകന്റെ വാക്കുകള്‍ കേട്ട് മനസ്സ് നിറഞ്ഞ സുമതിക്കുട്ടി ടീച്ചറുടെ കണ്ണുകളില്‍ നിന്നും സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു. 

വളരെ വൈകിയാണ് ചന്ദ്രന്‍ വീട്ടിലെത്തിയത്. അയാളുടെ മനസമാധാനം മുഴുവന്‍ നഷ്ട്ടപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ പതിവില്ലാത്ത ഈ മനംമാറ്റം ഭാര്യ രാധ തിരക്കി. 

“എന്തുപറ്റി ചന്ദ്രേട്ടാ? ഇന്ന് വല്ലാതെ മൂഡിയായിരിക്കുന്നല്ലോ.”

“നീ ഒരു ഫ്രഷ്‌ ലൈം എടുക്ക്.”

തന്‍റെ ഭര്‍ത്താവിന്റെ സ്വഭാവം നന്നായറിയാവുന്ന രാധ പിന്നെ ഒന്നും ചോദിച്ചില്ല. നേരെ അടുക്കളയിലേക്ക് പോയി. 

ഡ്രസ്സ്‌ മാറിയ ശേഷം ചന്ദ്രന്‍ അടുക്കളയില്‍ എത്തിയപ്പോള്‍ രാധ മിക്സിയില്‍ ഫ്രഷ്‌ ലൈം ജ്യൂസ്‌ ഉണ്ടാക്കുകയായിരുന്നു. 

“മക്കള്‍ കിടന്നോ?” ചന്ദ്രന്‍ ചോദിച്ചു.

മണി ഒന്‍പത് കഴിഞ്ഞില്ലേ ചേട്ടാ. പരീക്ഷ ആയതുകൊണ്ട് രണ്ടും നേരത്തെ കിടന്നു.” രാധ പറഞ്ഞു. 

“എല്ലാം ഒരു പരീക്ഷ. അല്ലേ രാധേ?”

“എന്തെ ഇപ്പൊ അങ്ങനെ ഒരു ചോദ്യം?”

“അല്ല, ഇന്ന് ഒരിന്റെര്‍വ്യൂ ഉണ്ടായിരുന്നു. ആ പോസ്റ്റിന് എന്‍റെ ഒരു അധ്യാപകന്റെ മകനുമുണ്ടായിരുന്നു. അയാള്‍ ആ പോസ്റ്റിന് യോഗ്യനായിരുന്നു. അക്കാര്യം ഞാന്‍ അയാളോട് പറയുകയും സഹായിക്കാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു.”

ഫ്രഷ്‌ ലൈം ജ്യൂസര്‍ ബൌളില്‍ നിന്നും ഗ്ലാസ്സിലേക്ക് പകര്‍ന്നുകൊണ്ട് രാധ ചോദിച്ചു.

“അതാണോ മൂഡ്‌ ഓഫ്‌ ആയത്?”

“ഹ, നീ മുഴുവന്‍ കേള്‍ക്ക്.”

“ഓ, കേള്‍ക്കാം, പറയൂ.”

“ഇന്റെര്‍വ്യൂ കഴിഞ്ഞ ഉടനെ മിനിസ്റ്ററുടെ റെക്കമേന്റ്റേഷന്‍ കോള്‍. വേറൊരാള്‍ക്ക്  കൊടുക്കാന്‍ പറഞ്ഞ്.”

“ഉം, എന്നിട്ട് ചന്ദ്രേട്ടന്‍ എന്താ തീരുമാനിച്ചേ?”

“അതാണൊരു കണ്‍ഫ്യുഷന്‍. നീയല്ലേ എന്‍റെ ബിസിനസ്സ് കണ്‍സല്ട്ടന്റ്റ്. എന്താ ഒരു സോലൂഷ്യന്‍?” 

ചന്ദ്രന്‍ രാധയോട്‌ ചോദിച്ചു. 

“എന്തായാലും മന്ത്രിയെ പിണക്കെണ്ട. മറ്റേ ആള്‍ക്ക് പോസ്റ്റിങ്ങ്‌ ഓര്‍ഡര്‍ അയക്ക്. അല്ലെങ്കില്‍ വെറുതെ പുലിവാലാ. ഇതൊക്കെ സാധാരണമല്ലേ.”

“അപ്പോള്‍ ഞാന്‍ കൊടുത്ത വാക്കോ?”

“അതും പാലിക്കണം.”
“എങ്ങനെ?”
“ആ പോസ്റ്റ്‌ തന്നെ അയാള്‍ക്ക് കൊടുക്കണമെന്നില്ലല്ലോ. പുള്ളിക്കാരന്‍ ഫ്രെഷറാണെങ്കില്‍ ഒരു മാനേജ്‌മന്റ്‌ ട്രൈയ്നിയുടെ പോസ്റ്റ്‌ ക്രിയേറ്റ് ചെയ്യാമല്ലോ ചേട്ടന്.”
ചന്ദ്രന്‍ തന്‍റെ ചിന്തകള്‍ മിനിക്കിയെടുത്തു. പെട്ടെന്ന് മനസ്സിലെ മൂടല്‍മഞ്ഞ് മാഞ്ഞ് പോയപോലെ.
“വെറുതെ അല്ലെടി നിനക്ക് മാനേജ്‌മന്റില്‍ പി. എച്ഡി കിട്ടിയത്.” ചന്ദ്രന്‍ തന്‍റെ  ഭാര്യയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
“അതിലും പാടാണേ ഈ വീടുപണി.”
ഇരുവരുടേയും ചിരികള്‍ ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചു.
ഭക്ഷണത്തിനുശേഷം രാധയുടെ അരികില്‍ ഉറങ്ങാന്‍ കിടന്ന ചന്ദ്രന്‍ അവളുടെ ചെവിയില്‍ മെല്ലെ മന്ത്രിച്ചു.
“തികച്ചും സാധാരണം”.
۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

Comments

Popular posts from this blog

The Flying Horse

The Little Butterfly

Master of Marketing Research (MMR)