Yaathrakal Avasanikkunnilla: An Unsual Journey



യാത്രകള്‍ അവസാനിക്കുന്നില്ല
ജിനു സിബു

കാറ്റില്‍  മുടിയിഴകള്‍ പറന്ന് തന്റെ മുഖത്ത് വീഴുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു. കാറ്റിന്റെ ശക്തിയില്‍. എന്നാല്‍ കണ്ണുകള്‍ തുറക്കാനാവുന്നില്ല.

മൂന്നു കടലുകളും വിശേഷങ്ങള്‍ കൈമാറുന്നതാണോ ആ കാറ്റിന്റെ മര്‍മ്മരം? അറബിക്കടലും, ബംഗാള്‍ ഉള്‍ക്കടലും, ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന തീരം - ത്രിവേണി സംഗമം. ആ മനോഹരമായ തീരത്തിനരികിലുള്ള  കരിങ്കല്‍ മണ്ഡപം. 


സൂര്യാസ്തമയം അടുക്കും തോറും കടലിലെ തിരയും, കാറ്റിന്റെ ശക്തിയും കൂടി വന്നു. മണ്ഡപത്തിന്റെ പടിയില്‍ ഇരുന്ന അവളുടെ ശരീരം കാറ്റിന്റെ ശക്തിയില്‍ ഉലഞ്ഞുകൊണ്ടിരുന്നു. അവളുടെ അരികില്‍ ഇരുന്ന പ്രിയതമന്റെ തോളിലേക്ക് അവള്‍ മെല്ലെ തന്റെ തല ചേര്‍ത്തിരുന്നു. അതോ കാറ്റിന്റെ കൈകള്‍ അവള്‍  പോലും അറിയാതെ അവരെ ചേര്‍ത്തിരുത്തിയതോ?അയാള്‍ക്ക് അറിയാവുന്ന സംഗീതസ്വരങ്ങള്‍ കാറ്റിന്റെ ശ്രുതി ചേര്‍ത്ത് അവളുടെ കാതുകളില്‍ സാന്ത്വനമായി.

എല്ലാ പാപങ്ങളെയും കഴുകിക്കളയുന്ന ആ ത്രിവേണി സംഗമത്തിലെ ജലകണം ഒരു ഈറന്‍ കാറ്റായി അവളുടെ മുഖം തഴുകി. ഈ നിമിഷങ്ങള്‍ ഒരിക്കലും അവസാനിക്കല്ലേ എന്ന്‍ അവള്‍ ആഗ്രഹിച്ചു. 

അസ്തമയ സുര്യന്റെ വരവ് അറിയിച്ച് ക്ഷേത്രത്തില്‍ നിന്നും ശംഖൊലി മുഴങ്ങി. അസ്തമയ സുര്യന്റെ കിരണങ്ങള്‍ അവളുടെ അടഞ്ഞ കണ്പോലകളെ തഴുകി. 

അവള്‍ തന്റെ കണ്ണുകള്‍ മെല്ലെ തുറന്നു. ഈറന്‍ കണ്ണുകളുമായി ശാന്തനായി ഇരിക്കുന്ന തന്റെ രാജേഷേട്ടനെയാണ് അവള്‍ മുന്നില്‍ കണ്ടത്. 

"
രേണു, എന്ത് ഉറക്കമായിരുന്നു മോളെ."

തെല്ല് ഒരു കുട്ടബോധത്തോടെയാണ്  രാജേഷ്‌  തന്റെ ജീവിതസഖി രേണുകയുടെ നേര്‍ക്ക് നോക്കിയത്. 

തന്റെ ജോലിയുടെ ഭാഗമായി വരുന്ന നീണ്ട യാത്രകളുടെ തിരക്കിനിടയില്‍ അവളുടെ ആഗ്രഹങ്ങള്‍ പലതും സാധിച്ചു കൊടുക്കാന്‍ കഴ്ഹീന്ജിരുന്നില്ല. 

ഒരു പക്ഷേ അതാകുമോ അവളെ ഈ ആശുപത്രിക്കിടക്കയില്‍ എത്തിച്ചത്. വെറുമൊരു ചെറിയ പനിയില്‍ തുടങ്ങിയതാണ്‌. ഇന്നിപ്പോള്‍ രണ്ടാഴ്ചയായി ഈ കിടപ്പ്. ബോധത്തിന്റെയും അബോധത്തിന്റെയും അവസ്ഥകളില്‍ മാറി മാറി. 

രണ്ടുവര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തില്‍ ഒരു പക്ഷേ ഇത്രയധികം നേരം അവള്‍ക്കുവേണ്ടി മാത്രമായി താന്‍ നീക്കിവെച്ചത് ഇപ്പോള്‍ ആയിരിക്കുമോ?

"
രാജേഷേട്ടാ, ഈ ആശുപത്രിയില്‍ നിന്നും ഇറങ്ങിയാല്‍ നമുക്ക് ഒരുമിച്ച് ആദ്യം കന്യാകുമാരിയില്‍ പോകണം. അവിടെ ത്രിവേണി സംഗമത്തിന്‍റെ തീരത്ത് രാജേഷേട്ടന്റെ കൈ പിടിച്ച് എനിക്ക് നടക്കണം."

രേണുക തളര്‍ന്ന സ്വരത്തില്‍ പറഞ്ഞു. രാജേഷ്‌ സമ്മതം മൂളിക്കൊണ്ട് അവളുടെ കൈകള്‍ ചേര്‍ത്ത് പിടിച്ചു. 

############ ###### ###### ###### ###### ###### ###### 

"ഹാലോ രാജേഷ്‌! എന്താ ഇവിടെ? എങ്ങോട്ടെങ്കിലും യാത്രയാണോ??"

റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ബെഞ്ചില്‍ ഇരുന്നിരുന്ന രാജേഷ്‌ തന്‍റെ പഴയ ഒരു സുഹൃത്തിനെ അപ്പോഴാണ്‌ ശ്രദ്ധിച്ചത്. രാജേഷ്‌ അയാളെ നോക്കി മെല്ലെ ചിരിച്ചു.

"ഒറ്റയ്ക്കാണോ ഈ യാത്രയും?"

രാജേഷിന്റെമറുപടിക്ക് കാത്തുനില്‍ക്കാതെ ട്രാക്കില്‍ എത്തിച്ചേര്‍ന്ന ട്രെയിനില്‍ രാജേഷിനു നേരെ കൈവീശി കാണിച്ച് അയാള്‍ ഓടി കയറി. എന്നാല്‍ രാജേഷിന്റെ ചെവിയില്‍ സുഹൃത്തിന്റെ ആ ചോദ്യം മുഴങ്ങിക്കൊണ്ടിരുന്നു. 

"ഒറ്റയ്ക്കാണോ ഈ യാത്രയും?"

രാജേഷ്‌ കൈയ്യിലിരുന്ന ബാഗ് തന്‍റെ നെഞ്ചിനോട് ചേര്‍ത്ത് പിടിച്ചു. 

"അല്ല,ഞാന്‍ ഒറ്റക്കല്ല."

അയാള്‍ ആത്മഗതം എന്ന പോലെ പറഞ്ഞു. രേണുകയുടെ ആഗ്രഹം പോലെ ത്രിവേണി സംഗമത്തിന്‍റെ തീരത്ത് ഒരുമിച്ച് നടക്കണം. ഒരിക്കലും അവസാനിക്കാത്ത ഒരു യാത്രക്ക് .

അവളുടെ ചിതാഭസ്മം അടങ്ങിയ ബാഗ് തന്‍റെ നെഞ്ചോട് ചേര്‍ത്ത് കന്യാകുമാരി എക്സ്പ്രസ്സിനു വേണ്ടി അയാള്‍ കാത്തിരുന്നു. അയാള്‍ ഓര്‍ത്തു. യാത്രകള്‍ അവസാനിക്കുന്നില്ല, അനന്തമായ ആകാശം പോലെ. 

@@@@@@@



 

 
 

Comments

Popular posts from this blog

New Homes for the Tuskers

Master of Marketing Research (MMR)

Sequels in Malayalam Film Industry