Snehapoorvam Chachcha: An Unexplained Relationship
സ്നേഹപൂര്‍വ്വം
ചച്ച
ഡോ: സിബു സി. ചിത്രന്‍
ഒരു കഥ എഴുതണം എന്ന് വിചാരിച്ചിട്ട് നാളേറെയായി.
പക്ഷേ സാഹചര്യങ്ങള്‍ ഒരു വിലങ്ങുതടി പോലെ നിലകൊണ്ടു. എന്തോ ഒരു വല്ലായ്മ എനിക്ക്
അനുഭവപ്പെട്ടു. ഒന്നും ആത്മാര്‍ത്ഥമായി ചെയ്യുവാന്‍ കഴിയുന്നില്ല. എന്തിനും ഒരു വിമ്മിഷ്ടം
പോലെ. ഒടുവില്‍ ഒരു കഥ എഴുതുവാന്‍ തന്നെ തീരുമാനിച്ചു.
ഒരു സുപ്രഭാതത്തില്‍ വീട്ടില്‍ നിന്നിറങ്ങി.
ഏകാന്തതയായിരുന്നു എനിക്ക് ആവശ്യം. എങ്കിലേ ഒരു നല്ല കഥ എഴുതാന്‍ സാധിക്കുകയുള്ളൂ.
ഒടുവില്‍ ഒരു കുഗ്രാമത്തില്‍ എത്തി.
അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ
വീടിനടുത്തുള്ള ഒരു ഔട്ട് ഹൗസ്സില്‍ താമസമാക്കി. വളരെ നല്ല അന്തരീക്ഷമായിരുന്നു
അവിടെ. താമസിയാതെ ഞാന്‍ എന്‍റെ കഥ
ആരംഭിച്ചു.
അന്ന് ഞാന്‍ കഥ ഏകദേശം പൂര്‍ത്തിയാക്കിയിരുന്നു.
വാതില്‍ക്കല്‍ ഒരു അപരിചിത ശബ്ദം എന്നെ ഉണര്‍ത്തി. വാതില്‍ തുറന്നതും ഒരു അവശനായ
വൃദ്ധന്‍ എന്നെ നോക്കി ചിരിച്ചു.
“മോന്‍ എഴുതാന്‍ വന്നതാ?”
ഞാന്‍ അതെ എന്ന് തലയാട്ടി.
“ഞാന്‍ ചച്ച, എന്നെ എല്ലോരും അങ്ങനാ വിളിക്കാ.
മോനും അങ്ങനെ വിളിച്ചാ മതിട്ടോ.”
അയാളെ കണ്ടപ്പോള്‍ മണ്മറഞ്ഞു പോയ എന്‍റെ
മുത്തശ്ശ്ച്ഛനെ ആണെനിക്ക് ഓര്‍മ്മ വന്നത്. അങ്ങനെ ഞാന്‍ അയാളുമായി അടുത്തു.
ആ നാട്ടുകാരില്‍ നിന്നും ഞാന്‍ ചച്ചയുടെ കഴിഞ്ഞ
കാലം ചികഞ്ഞെടുത്തു. പണ്ട് നാട്ടിലെ പ്രമാണിമാരുടെ കുടുംബാംഗമായിരുന്നു ചച്ച. ദാനം
കൊടുത്ത് കൊടുത്ത് എല്ലാം ക്ഷയിച്ചു, ഭാര്യയും മക്കളും രോഗബാധിതരായി മരിച്ചു. തുടര്‍ന്ന്‍
ചച്ചയുടെ ജീവിതം അര്‍ത്ഥശൂന്യമായിരുന്നു.
എന്നും എന്നെ കാണാന്‍ വരാറുള്ള ചച്ച അന്ന്‍
എന്തോ വന്നില്ല. എനിക്ക് ആകെ ഒരു വിഷമം തോന്നി. ഞാന്‍ ചച്ചയെ അന്വേഷിച്ചിറങ്ങി. അപ്പൊഴാണറിഞ്ഞത്
പാമ്പുകടിയേറ്റ ചച്ചയെ വൈദ്യശാലയില്‍ കൊണ്ടുപോയെന്ന്‍.
ഞാന്‍ അവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
സ്വന്തം രക്തത്തില്‍ പിറന്നയാള്‍ മരിച്ച ദുഃഖം ഞാന്‍ ആദ്യമായി അനുഭവിച്ചറിഞ്ഞു;
ചച്ച എന്‍റെ രക്തമല്ലായിരുന്നിട്ടു കൂടി.
ചച്ചയുടെ കൈയ്യില്‍ നിന്നും ലഭിച്ച ഒരെഴുത്ത്
വൈദ്യന്‍ എനിക്കുനേരെ നീട്ടിയ ശേഷം പറഞ്ഞു.
“ഇത് സാറിന് തരാന്‍ മരിക്കാന്‍ നേരം ചച്ച
പറഞ്ഞു.”
ഞാന്‍ ആ കത്ത് വാങ്ങി വായിച്ചു.
“എന്‍റെ മോന്, ഞാന്‍ പോവുകയാണ്. മോനേ കാണുന്നതിന്
മുന്പേയായിരുന്നെങ്കി ഈ കെഴവന് മനസ്സമാദാനം കിട്ടില്ലായിരുന്ന്‍. മോനേ കണ്ട്.
സന്തോഷായി. മോന് ഈ കെഴവന് വേണ്ടി പ്രാര്‍ത്തിക്കൂല്ലോ അല്ലേ. വെറാരൂല്ലേ പറയാന്‍. അതോണ്ടാ.
എന്ന് സ്നേഹപൂര്‍വ്വം, ചച്ച.”
Comments