Ente Maranam: An Imaginative Short Story
എന്‍റെ മരണം
ഡോ: സിബു സി. ചിത്രന്‍
“എണീക്കെടാ മോനേ, രാവിലെ ക്ലാസ്സില്‍ പോകേണ്ടതല്ലേ?”
തലേന്ന് നന്നേ ഇരുട്ടിയ ശേഷമാണ് കിടന്നതെങ്കിലും
അമ്മയുടെ ആദ്യ വിളി തന്നെ എന്നെ ഉണര്‍ത്തി. പക്ഷേ, എന്തോ ഒരു വല്ലായ്മ എനിക്ക്
അനുഭവപ്പെട്ടു.
ദേഹത്തിന് പതിവില്ലാത്ത ഒരു തളര്‍ച്ച. കണ്ണുകള്‍
തുറക്കുവാന്‍ സാധിക്കുന്നില്ല. ആരോ വലിച്ചടക്കുന്ന പോലെ. കൈകാലുകള്‍ പെരുത്തിരിക്കുന്നു.
അല്‍പ്പം പോലും അനക്കുവാന്‍ കഴിയുന്നില്ല. കണ്ണുകളില്‍ ഇരുട്ടുമതിലുകള്‍ ഉയര്‍ന്നു
വരികയാണ്. ആകെ ഒരു വല്ലാത്ത അവസ്ഥ.
“നീ ഇനിയും എണീട്ടില്ലെടാ ചെറുക്കാ.”
അമ്മയുടെ ശബ്ദം എനിക്ക് വ്യക്തമായി കേള്‍ക്കാം.
“ദാ, വരുന്നു.”
ഇല്ല എന്‍റെ ശബ്ദം പുറത്ത് വന്നില്ല. അത് എന്‍റെ
തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നു. ഞാന്‍ വല്ലാതെ ഭയന്നുപോയി. സര്‍വ്വശക്തിയും
എടുത്ത് അലറി.
“അമ്മേ”
ഈ ശബ്ദവും നിശ്ചലം.
അമ്മ മെല്ലെ എന്‍റെ അടുത്തെത്തി എന്നെ കുലുക്കി
വിളിച്ചു.
“എന്താണമ്മേ?”
ഞാന്‍ ചോദിച്ചത് എന്നില്‍ തന്നെ ലയിച്ചു.
വിറയാര്‍ന്ന സ്വരത്തില്‍ അമ്മ അച്ഛനെ വിളിച്ചു. അച്ഛനും എന്നെ വിളിച്ചത് എന്‍റെ
കാതുകളില്‍ വന്നലച്ചു. പക്ഷെ, എനിക്കനങ്ങുവാന്‍ കഴിയുമായിരുന്നില്ല.
“എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലച്ഛാ.”
എന്‍റെ വാക്കുകള്‍ അച്ഛനു കേള്‍ക്കുവാന്‍ സാധിച്ചില്ല.
എനിക്ക് എന്താണ് സംഭവിച്ചതെന്ന് സത്യത്തില്‍ എനിക്കും അറിയുമായിരുന്നില്ല. ഒടുവില്‍
അച്ഛനാണ് അത് പറഞ്ഞത്.
“അവന്‍ നമ്മളെ വിട്ട് പോയെടി.”
ഇത് പറഞ്ഞുതീരും മുന്പ് അച്ഛന്‍ കുഴഞ്ഞു
വീഴുകയായിരുന്നു. അപ്പോള്‍ മാത്രമാണ് ഞാനും മനസ്സിലാക്കിയത് - ഇത് എന്‍റെ
മരണമായിരുന്നെന്ന്‍.
എന്‍റെ മരണവാര്‍ത്ത അതിവേഗം പരന്നു. അച്ഛന്‍റെ
ഓഫിസിലും എന്‍റെ കോളേജിലും വിവരമറിയിച്ചു. കോളേജിന് ദുഃഖസൂചകമായി അവധി പ്രഖ്യാപിച്ചു.
എന്നെ കാണുവാന്‍ വീട്ടിലേക്ക് ഒരു വന്‍
ജനപ്രവാഹം തന്നെയായിരുന്നു. അയല്‍പക്കക്കാരും, ബന്ധുക്കളും, സുഹൃത്തുക്കളും ആകെ
കൂടി ഒരു ബഹളം തന്നെ.
വീടിന്‍റെ മുന്നിലെ മുറിയില്‍ എന്നെ ഒരു വെളുത്ത
തുണിയില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്നു. വരുന്നവര്‍ വരുന്നവര്‍ എന്‍റെ മുന്നില്‍ അല്‍പനേരം ദുഖഭാവത്തില്‍
നിന്ന ശേഷം ഒരോ സ്ഥലങ്ങളില്‍ അവിടിവിടെയായി കുഷലാന്വേഷനങ്ങളുമായി അരങ്ങ് തകര്‍ക്കുന്നു.
സമയം കഴിയും തോറും തിരക്ക് കൂടിക്കൂടി വന്നു.
“നല്ലോരു പയ്യനായിരുന്നു. കിടക്കണ കിടപ്പ്
കണ്ടില്ലേ?”
“ആരേലും കരുതിയോ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്.”
ആവിധത്തിലും ചില സംഭാഷണങ്ങള്‍.
എന്‍റെ മൂക്കില്‍ നിന്നും ഇറ്റിറ്റായി
ഒലിച്ചിരുന്ന രക്തം ആരോ ഒപ്പുന്നുണ്ടായിരുന്നു. വളരെ നേരമായി ഈ കിടപ്പ്
തുടങ്ങിയിട്ട്. നീണ്ടു നിവര്‍ന്ന്‍ ശവം പോലെ. ഓ, ഞാനും ഇപ്പോള്‍ ഒരു ശവമാണല്ലോ.
ഒന്ന് ചരിഞ്ഞു കിടക്കാന്‍ സാധിച്ചിരുന്നെങ്കില്‍.
പത്ത്-പത്തെര ആയതോടെ കോളിജില്‍ നിന്നും ആള്‍ക്കാര്‍
വന്നു തുടങ്ങി. അതോടെ എനിക്ക് ഉത്സാഹമായി. അവരോരോരുത്തരെയും ഞാന്‍ പേര് ചൊല്ലി
വിളിച്ചു. പക്ഷെ, ആര് കേള്‍ക്കാന്‍? ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
അവരില്‍ ചിലര്‍ സന്തുഷ്ടരായിരുന്നു.
ഇതിനിടയില്‍ എന്‍റെ കണ്ണുകള്‍ അവള്‍ക്കുവേണ്ടി
പരതി. ഞാന്‍ അവളെ ഇഷ്ടപ്പെടുന്നു എന്ന് തുറന്നു പറയാന്‍ സാധിക്കാതെ പോയതില്‍
എനിക്ക് വിഷമമുണ്ടായിരുന്നു. എനിക്കവളെ ജീവനാണ്; ഇപ്പോഴും. പക്ഷെ, അവളെ മാത്രം
അവിടെ കണ്ടില്ല. അവള്‍ക്ക് എന്തുപറ്റി. അറിഞ്ഞുകാണുമോ? ദൈവമേ, അവസാനമായി ഒന്നുകൂടി
കണ്ടിരുനെങ്കില്‍. ഞാന്‍ ആശിച്ചുപോയി.
എന്‍റെ ദേഹത്ത് റീത്തുകള്‍ പെരുകി വന്നു. എന്‍റെ
വിഷമം കണ്ടിട്ടെന്നപോലെ ആരൊക്കെയോ ചേര്‍ന്ന് അവയെല്ലാം ഒരു മൂലയില്‍ എടുത്ത്
വെക്കുന്നുണ്ടായിരുന്നു.
ഉച്ചസമയാമായി, എന്തൊരു വിശപ്പ്. രാവിലെയും
ഒന്നും കഴിച്ചിട്ടില്ല. പക്ഷെ, ആരോട് പറയും. ഇനി പറഞ്ഞാല്‍ തന്നെ ആരറിയാന്‍.
ഉച്ചകഴിഞ്ഞതോടെ അച്ഛന്റെയും അമ്മയുടെയും
കുടുംബക്കാരും എത്തിച്ചേര്‍ന്നു.
“ഇനിയാരും വരാനില്ലല്ലോ? എന്നാല്‍ എടുക്കാം.”
കുടുംബത്തിലെ കാരണവരുടെ കല്പന എന്നെ വീണ്ടും
അസ്വസ്ഥനാക്കി.
എന്തെടുക്കാന്‍? ഞാന്‍ ആലോചിച്ചു. ഓ, എന്നെ
ദഹിപ്പിക്കാന്‍. വേണ്ട, ഒരല്‍പ്പനേരം കൂടി കാക്കാം. എനിക്ക് അവളെ ഒന്ന് കാണണം.
അവള്‍ വരും. തീര്‍ച്ച. എന്‍റെ മനസ്സറിഞ്ഞതുപോലെ അവര്‍ കുറച്ചുനേരം കൂടി എന്നെ
കിടക്കാന്‍ അനുവദിച്ചു.
എന്‍റെ കാത്തിരുപ്പ് വെറുതെയായില്ല. അവള്‍
വന്നു. തീരെ അവശയായിരുന്നു അവള്‍. ക്ലാസ്സില്‍ എന്നെ മനസ്സിലാക്കിയിരുന്നത് അവള്‍
മാത്രമായിരുന്നു. കരച്ചിലടക്കാന്‍ അവള്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
“കരയരുത്, എനിക്കൊന്നുമില്ല.”
ഞാന്‍ അവളെ സമാധാനിപ്പിച്ചു. അത് വെറുതെ ആയില്ല.
എന്‍റെ ആശ്വാസവാക്കുകള്‍ കേട്ടത് പോലെ അവള്‍ കരച്ചില്‍ നിര്‍ത്തി. എന്‍റെ
വാക്കുകള്‍ കേള്‍ക്കാന്‍ ഒടുവില്‍ അവളെങ്കിലും ഉണ്ടായല്ലോ. അതെനിക്ക് ആശ്വാസമേകി.
എന്നെ അവര്‍ ചിതയില്‍ വെച്ചു തീകൊളുത്തി.
എനിക്ക് വല്ലാത്ത ചൂട് അനുഭവപ്പെട്ടു. അഗ്നിജ്വാലകള്‍ എന്നിലെ എന്നെ സ്വതന്ത്രനാക്കി.
ഞാന്‍ എന്നില്‍നിന്നു വേര്‍പെട്ടു. ആകാശദൂതുമായി എന്നെ മാടിവിളിച്ച നക്ഷത്രങ്ങളുടെ
അടുക്കലേക്ക് ഞാന്‍ പറന്നുയര്‍ന്നു. മേഘങ്ങളേ മെല്ലെ തള്ളി നീക്കി.
@@@@@@@@@@@@@@
Comments