Niyogamee Yatra (Part - 3): A Travelogue

നിയോഗമീ യാത്ര 
ഭാഗം 3
ജിനു രാജീവ്‌ പി & ഡോ: സിബു സി. ചിത്രന്‍




18 ജൂലൈ 2019 - രണ്ടാം ദിവസം - പളനി - മധുരൈ - മാനാമധുരൈ  - പാമ്പൻ പാലം - ധനുഷ്‌കോടി - അരിഞ്ചൽ മുന - രാമേശ്വരം
 
പുലർച്ചെ ഒരു ആറു മണിയോടെ ഞങ്ങൾ  പളനിയിൽ നിന്നും രാമേശ്വരത്തേക്ക് തിരിച്ചു .ഇനി അങ്ങോട്ടുള്ള വഴി ഇതുവരെ ഒരിക്കലും കടന്നു പോയിട്ടില്ലാത്ത വഴികൾ ആണ്, ഭാരതത്തിന്‍റെ തെക്ക് കിഴക്ക് അറ്റത്തേക്ക് .യാത്രയുടെ ആദ്യ ദിവസം താണ്ടിയ ദൂരെത്തെക്കാൾ ഇന്ന് പോകേണ്ടതുണ്ട് .എന്നാൽ ഗൂഗിൾ ചേച്ചിയുടെ കണക്കു പ്രകാരം അഞ്ച് മണിക്കൂറും ചില്ലറയും മാത്രമേ സമയം എടുക്കകയുള്ളു; റോഡിന്‍റെ  ഗുണം   ആണേ .കേരളം വിട്ടപ്പോൾ മുതൽ വഴിയിൽ  
കുണ്ടും കുഴിയും ഇല്ല, കാര്യമായ ട്രാഫിക്കും ഇല്ല .അത് കൊണ്ട് തന്നെ ഇതുവരെയുള്ള യാത്ര സുഖകരം .അതിരാവിലെ ഉദിച്ചുയരുന്ന സൂര്യന്‍റെ ഒപ്പം ഞങ്ങൾ യാത്ര തുടങ്ങി . 

ചെറുഗ്രാമങ്ങൾ പിന്നിട്ട് മധുരൈയിലേക്കുള്ള ഹൈവേയിലേക്ക് കയറി .അത്യാവശ്യം ഒരു ഫ്ലൈറ്റ് ഇറക്കുവാനുള്ള റൺവേ കണക്കെയുള്ള വിശാലമായ ഹൈവേ. ട്രാഫിക്കും നന്നെ കുറവ് .നല്ല റോഡ് കണ്ടാൽ ഹരം കയറുന്ന എന്‍റെ ആര്യപുത്രനെ കടിഞ്ഞാൺ ഇടുക എന്നതാണ് നാവിഗേറ്റർ സീറ്റിൽ ഇരിക്കുന്ന എന്‍റെ ഡ്യൂട്ടി. ഇടക്ക് ഒന്ന് കണ്ണ് പയ്യെ സ്പീഡോമീറ്ററിൽ നോക്കിയപ്പോൾ 160. എന്‍റെ കണ്ണ് വെട്ടിച്ച് നാട്ടിൽ കിട്ടാത്ത ഒരു അസുലഭ അവസരം നേടിയതിന്‍റെ ആവേശം.


പളനിയിൽ നിന്നും മധുരൈ വഴി മാത്രമേ രാമേശ്വരത്തേക്ക് പോകുവാനുള്ള വഴിയുള്ളൂ. മധുരൈ ടൗണിലെ തിരക്ക് ഒഴിവാക്കി രാമേശ്വരത്തേക്കുള്ള ഹൈവേയിലേക്ക് ഒരു എളുപ്പ വഴി ഗൂഗിൾ ചേച്ചി കാണിച്ചു തന്നു. നഗരത്തിലെ എല്ലാ മാലിന്യങ്ങളും തട്ടുന്ന ഒരു ചേരിപ്രദേശത്തിലൂടെയുള്ള വഴി .എല്ലാ മനോഹരനഗരങ്ങളുടെയും പിന്നാമ്പുറങ്ങളിലും ഉണ്ടാകും ഇത് പോലെയുള്ള ഇടങ്ങൾ .അവിടെയും മനുഷ്യർ ജീവിക്കുന്നു. വരൾച്ചയുടെ ഭയാനകമായ ദൃശ്യങ്ങൾ ഈ വഴികളിൽ കാണാമായിരുന്നു. 

ഒടുവിൽ ഞങ്ങൾ മധുരൈ -രാമേശ്വരം  - ധനുഷ്‌കോടി  ഹൈവേയിലേക്ക് കയറി. പ്രഭാതഭക്ഷണം കഴിക്കാത്തതിന്‍റെ ഇരമ്പൽ വയറ്റിൽ നിന്നും കേട്ട് തുടങ്ങി .ഒരു ചായക്കട പോലും കാണുന്നില്ല .നീണ്ടുനിവർന്നു കിടക്കുന്ന ഹൈവേയും ഇടക്ക് വല്ലപ്പോഴും മുൻപിൽ അതിവേഗം പാഞ്ഞ് പോകുന്ന ചുരുക്കം ചില വണ്ടികളും. അങ്ങനെ കുറച്ച് ദൂരം പോയപ്പോൾ ഒരു പെട്ടിക്കട പോലെ തോന്നുന്ന ഒരിടം. ഞങ്ങൾ സംശയിച്ച് വണ്ടി നിർത്തി .ഒരു അക്ക അകത്തു നിന്ന് ചിരിച്ച് കൊണ്ട് ഓടി വന്നു. ടിഫിൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇഡ്ഡലി റെഡി എന്ന് പറഞ്ഞു. സ്വന്തം വീട്ടുകാരെ സത്കരിക്കുന്ന പോലെ ഞങ്ങൾക്ക് നല്ല വാഴയിലയിൽ ചൂട് ഇഡ്ഡലിയും, ദോശയും,  ചമ്മന്തിയും, സാമ്പാറും ഒക്കെ തന്ന് വയറു നിറച്ചു.


ഇരിക്കുന്ന കസേരക്കിടയിലൂടെ കൗതുകത്തോടെ കോഴികുഞ്ഞുങ്ങൾ നടക്കുന്നത് കണ്ടപ്പോൾ ഞങ്ങളുടെ മക്കളെ ഓർത്തു .ഞങ്ങളുടെ ഇളയ മകള്‍ സിനീജക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഇഡ്ഡലിക്ക് ഇപ്പോൾ ഉള്ള രുചിയെ പറ്റി അവളോട് പറയണം എന്ന് തോന്നി. ആ സ്ഥലത്തിന്‍റെ പേര് ‘മാനാമധുരൈ’ എന്നാണെന്ന് അക്ക പറഞ്ഞപ്പോൾ എ.ആർ.റഹ്‌മാന്‍റെ "മാനാമധുരൈ മാമരക്ക് റയിലെ പച്ചക്കിളി ഒന്ന് കേക്കതു..." എന്ന പാട്ട് ഓർമ്മ  വന്നു. അങ്ങനെ വയറു നിറഞ്ഞ സന്തോഷത്തിൽ രമ അക്കനോട് യാത്ര പറഞ്ഞ് ഞങ്ങൾ പ്രയാണം തുടർന്നു.

സമയം കണക്കാക്കിയപ്പോൾ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുൻപേ രാമേശ്വരം എത്തും. വൈകിട്ടെ ക്ഷേത്രദർശനം ഉദ്ദേശിക്കുന്നുള്ളൂ. അത് കൊണ്ട് നേരെ ധനുഷ്‌കോടി വച്ചുപിടിക്കാൻ തീരുമാനിച്ചു .പോകും വഴി പ്രശസ്തമായ പാമ്പൻ പാലം. കടലിനു നടുവിൽ രണ്ടു കിലോമീറ്ററോളം നീളത്തിൽ നിവർന്നു കിടക്കുന്ന ഇവൻ ഒരു സംഭവം തന്നെ .സ്കൂളിൽ പഠിക്കുന്ന കാലത്ത് ശങ്കർ സിമന്റ്‌ എന്ന് കേൾക്കുമ്പോൾ പാമ്പൻപാലം ആണ് മനസ്സിൽ വരുക.ഇന്ന് പാലത്തിൽ മുഴുവനും രാംകോ സിമെന്റിന്‍റെ ബോര്‍ഡുകൾ ആണ്.


അങ്ങനെ പാലം കടന്നു മറുകരയിൽ എത്തി.രാമേശ്വരം പട്ടണത്തിലേക്കു പന്ത്രണ്ട് കിലോമീറ്റർ ദൂരമുണ്ട് അവിടെ നിന്ന് .പട്ടണത്തിലേക്കുള്ള വഴിയിൽ ഡോ: എ.പി.ജെ അബ്ദുൾ കലാം സ്മാരകം കാണാം .പിന്നെ രാമായണം ഐതിഹ്യവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലേക്കും തീർത്ഥകുളങ്ങൾക്കുമുള്ള ഭീമാകാരമായ വഴികാട്ടികളും കാണാം.പക്ഷെ ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം  ധനുഷ്‌കോടി തന്നെ.

രാമേശ്വരപട്ടണം കടന്ന് ധനുഷ്കോടിയുടെ പാതയിലേക്ക് .1964-ലെ ചുഴലിക്കാറ്റിനെ തുടർന്ന് നാമാവശേഷമായ ധനുഷ്‌കോടി പട്ടണം .ഇവിടെയും മനുഷ്യർ ജീവിച്ചിരുന്നു എന്ന് ഓർമപ്പെടുത്തുന്ന ഒരു സ്മാരകമായി, കുറച്ചു മനുഷ്യരുടെ ജീവിതമാർഗ്ഗമായി, ഒരു പ്രേതഭൂമി കണക്കെ നിലനിൽക്കുന്നു ധനുഷ്‌കോടി. ഇരുവശവും കടൽ. ഇടതുവശത്ത് ശാന്തമായ ബംഗാൾ ഉൾക്കടൽ അഥവാ പെണ്‍ കടൽ .വലതുവശത്ത് ഉഗ്രതിരയോടെ ഇന്ത്യൻ മഹാസമുദ്രം അഥവാ ആണ്‍ കടൽ.



ആ വഴി ചെന്ന് എത്തുന്നത് ധനുഷ്കോടിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ അരിഞ്ചൽ മുനയിൽ ആണ് .അവിടെയുള്ള അശോകസ്തംഭത്തിനു അരികെ വണ്ടി പാർക്ക്‌ ചെയ്ത് രണ്ട് സമുദ്രങ്ങളും ചേരുന്ന മുനമ്പിലേക്ക് ഞങ്ങൾ നടന്നു .അവിടെ നിന്നും ശ്രീലങ്കയിലെ തലൈമാന്നാറിലേക്ക്പതിനെട്ട് കിലോമീറ്റർ മാത്രം അകലം .ആ കടലിടുക്കിലെവിടെയോ ആയിരിക്കണം രാമസേതു . 



രണ്ടു സമുദ്രങ്ങളുടെയും തിരകൾ മുറിച്ച് വിജനമായ മണൽത്തിട്ടയിലേക്ക് നടന്ന് കയറിയ ആ അനുഭവം വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല .വിചിത്രമായ ആകൃതിയിലും നിറങ്ങളുമുള്ള ശംഖും കക്കകളും ആ തീരത്ത് വന്ന് ചേരുന്ന കാഴ്ച അതിമനോഹരമാണ് .തെളിഞ്ഞ ആകാശവും രണ്ടു നിറത്തിൽ ഉള്ള കടലും സ്വർണ്ണ നിറത്തിലുള്ള മണൽത്തീരവും നാലുവശത്ത് നിന്നുമുള്ള കാറ്റും ഉദിച്ചസൂര്യന്‍റെ വെയിലും; മറ്റേതോ ലോകത്ത് ചെന്ന് പെട്ടപോലെ തോന്നിപ്പിച്ചു. കടൽത്തിരയിൽ അരക്കൊപ്പം നനഞ്ഞപ്പോൾ പ്രകൃതിയോട് ചേർന്നലിഞ്ഞതുപോലെ. കടലും ആകാശവും ഒന്ന് തന്നെയോ എന്ന് ഭ്രമിപ്പിക്കുന്നു. അവിടെ അടിക്കുന്ന കാറ്റിന് ഏറെ കഥകൾ നമ്മളോട് പറയുവാനുണ്ടെന്ന് തോന്നും .തീരത്ത് അടിയുന്ന മണൽത്തരികൾക്കും ജീവികൾക്കും സമുദ്രത്തിന്‍റെ അടിത്തട്ടിലെ അത്ഭുതലോകത്തെ വിശേഷങ്ങളിലേക്ക് കൂട്ടികൊണ്ടു പോകുവാൻ ക്ഷണിക്കുന്ന പോലെ തോന്നി. കടൽത്തിരയുടെ ശക്തികൂടുന്നതിനാൽ കോസ്റ്റ്ഗാർഡിന്‍റെ വിസിലടി കേട്ട് മനസ്സില്ലാമനസ്സോടെ ഞങ്ങൾ അവിടെ നിന്നും മടങ്ങി. 


ധനുഷ്കോടിയുടെ   മാസ്മരികവലയത്തിൽ നിന്നും ഞങ്ങൾ രാമേശ്വരം പട്ടണത്തിലേക്ക് തിരിച്ചു .ഇനിയുള്ള വഴികൾ ഐതിഹ്യം നിറഞ്ഞതാണ്‌ .ശരിക്കും ഒരു ക്ഷേത്രനഗരി. രാമായണവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾ .ഈ രാമായണമാസത്തിൽ തന്നെ ഇവിടം സന്ദർശിക്കാൻ കഴിഞ്ഞത് ഒരു നിയോഗമായി ഞങ്ങൾ കരുതുന്നു. 


രാമേശ്വരം പട്ടണത്തിന്‍റെ പ്രധാന വീഥികളിലേക്ക് കടക്കുന്നതിനു മുന്നേ സന്ദർശിച്ച ക്ഷേത്രമാണ് കോദണ്ഡരാമർ ക്ഷേത്രം. ശ്രീരാമൻ രാവണന്‍റെ അനുജനായ വീഭിക്ഷണനെ രാക്ഷസരാജാവായി വാഴിച്ചത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം .തലപ്പാവ് വച്ച വിഭീഷണന്‍റെ പ്രതിഷ്ഠ ഇവിടെ കാണാം .


തുടരും.....












Comments

Popular posts from this blog

The Flying Horse

The Little Butterfly

Master of Marketing Research (MMR)