Niyogamee Yatra (Part - 2): A Travelogue

നിയോഗമീ യാത്ര 
ഭാഗം 2
ജിനു രാജീവ്‌ പി & ഡോ: സിബു സി. ചിത്രന്‍



17 ജൂലൈ 2019 - ഒന്നാം ദിവസം – അമലഗിരി - മള്ളിയൂര്‍ - കൂത്താട്ടുകുളം - മൂവാറ്റുപുഴ - പെരുമ്പാവൂര്‍ - പൊള്ളാച്ചി - പളനി (തുടര്‍ച്ച)



പൊള്ളാച്ചി - ഉദുമൽപെട്ട് - പളനി റോഡ് ഒന്നാംതരം. പതിനേഴ്‌ വർഷങ്ങൾക്കു മുൻപാണ് വഴിയിലൂടെ ഇതിനു മുൻപ് യാത്ര ചെയ്തിട്ടുള്ളത്. പളനി ടൗണിൽ എത്തുന്നതിനു 
നാലഞ്ചു കിലോമീറ്റർ മുൻപ് തന്നെ പളനിമലയും മുരുക ക്ഷേത്രവും കണ്ടുതുടങ്ങി. ശരിക്കും ഭക്തി നിര്‍ഭരമായ കാഴ്ച. കൃഷിപാഠങ്ങളുടെ നടുവിൽ നിൽക്കുന്ന പളനിമല ഒരു മനോഹരദൃശ്യം തന്നെയാണ്.


ഉച്ചതിരിഞ്ഞ് രണ്ടെര   മണിയോടു കൂടി ക്ഷേത്രത്തിനു സമീപമുള്ള ഞങ്ങളുടെ താമസസ്ഥലമായ ഹോട്ടല്‍ 'ശുഭ'ത്തില്‍ എത്തി. വീട്ടിലേക്ക് വിളിച്ചപ്പോൾ അവിടെ ഞങ്ങൾ പോന്നതിനു ശേഷം മഴ തകർത്തു പെയ്തു തുടങ്ങി എന്നറിയാൻ കഴിഞ്ഞുഎന്നാൽ ഇവിടെ പഴനിയിൽ നല്ല പൊള്ളുന്ന വെയിൽ. അമ്പലം തുറന്നിരിക്കുകയാണ് എന്നറിഞ്ഞെങ്കിലും വെയിൽ ഒന്ന് ചാഞ്ഞിട്ട് മുരുകനെ കാണാൻ പോകാമെന്നു കരുതി. ഞങ്ങൾ യാത്രക്കായി തിരഞ്ഞെടുത്തത് ഇട ദിവസങ്ങൾ ആയതിനാൽ അത്ര തിരക്കും ഉണ്ടായിരുന്നില്ല.

    
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും മുരുകനെ പടി കയറി   തന്നെ കാണണമെന്ന് ഒരു ആഗ്രഹം. സമയം എടുത്തു പതുക്കെ പടി ചവിട്ടി കയറുവാൻ ഞങ്ങള്‍ തീരുമാനിച്ചു. പടിക്കെട്ടുകൾ ആരംഭിക്കുന്ന പ്രധാന കവാടത്തിലൂടെ ഗണപതി കോവിലിൽ വണങ്ങി കയറ്റം ആരംഭിച്ചു. പഴനിമുരുകനെ കാണുവാൻ  പടി നടന്നു കയറുവാൻ രണ്ടു തരം പടിക്കെട്ടുണ്ട് . ഒന്ന് ആയിരത്തോളം വരുന്ന കുത്തനെ ഉള്ള പടിക്കെട്ടുകൾ. അതിനു ഇടത് വശത്തായി "യാനൈവീഥി". ഇത്തിരി ദൂരം കൂടുതൽ നടക്കണമെങ്കിലും കുറച്ച് മയമുള്ള പടികളും ഇടക്ക് വിശ്രമിക്കാനുള്ള ഇടങ്ങളും വഴിയിൽ ഉണ്ട്. ഒരു കാവടി സംഘം അതിലൂടെ കടന്നു പോകുന്നതും കണ്ടു. അങ്ങനെ ഞങ്ങൾ രണ്ടു പേരും മുരുകനെ കാണാൻ വഴിയിലൂടെ നടന്നു കയറി. പോകുന്ന വഴി അടിവാരത്തിലെ കാഴ്ചയും, സ്വച്ഛമായി നടക്കുന്ന മയിലും, കുരങ്ങന്മാരും ഒക്കെ മനസ്സിന് കുളിർമയുള്ള കാഴ്ചകളായി. അവസാനത്തെ പടികെട്ടും കടന്ന് മുരുകന്‍റെ ശ്രീകോവിലിനു മുന്നിൽ എത്തിയപ്പോൾ എന്‍റെ കണ്ണുകൾ നിറഞ്ഞു പോയിവല്ലാത്ത ഒരു ആത്മവിശ്വാസവും മനഃശ്ശാന്തിയും. ഒരു തൂവൽ കണക്കെ മനസും ശരീരവും ലഘുവായ പോലെതിരക്കില്ലാതെ മുരുക നടയിൽ ഞങ്ങൾ രണ്ടു പേരും ആവോളം തൊഴുതു.


മലമുകളിൽ വൃത്തിയുള്ള അമ്പലപരിസരത്തിൽ കുറച്ച് സമയം ചിലവഴിച്ചതിനു ശേഷം വിഞ്ച്ട്രെയിൻ വഴി അടിവാരത്തിലേക്ക് തിരിച്ച് എത്തി. യാത്രയും മനോഹരമായ അനുഭവം ആയിരുന്നുവിഞ്ച്ട്രെയിൻ പാതയുടെ ഇരുവശവും മനോഹരമായ പൂന്തോട്ടങ്ങൾ പരിപാലിച്ചിരിക്കുന്നത് കാണേണ്ട കാഴ്ച തന്നെ  ആണ്. അടിവാരത്തെ കൃഷിയിടങ്ങൾ കാണുമ്പോൾ ആരോ വരച്ചു വച്ച ചിത്രങ്ങൾ പോലെ തോന്നി.


പഴനിമല ചവിട്ടിക്കയറിയ ആത്മവിശ്വാസത്തിൽ ഞങ്ങൾ രണ്ടുപേരും അടിവാരത്തിലെ ചെറിയ കോവിലുകളിൽ തൊഴുത് ഗിരിവീഥിയിലൂടെ നടന്നു. സന്ധ്യമയങ്ങി പഴനിമലയിൽ വിളക്കുകൾ തെളിഞ്ഞപ്പോൾ ഒരു കാന്തികശക്തി മലയ്ക്ക്  ഉണ്ടെന്നു തോന്നി. ഗിരിവീഥിയൂടെ ഓരോ  കോണിൽ നിന്നും പഴനിമലയുടെ മായാവലയം കാണാം, വീണ്ടും വീണ്ടും അവിടേക്ക് പോകുവാൻ മോഹിപ്പിച്ചു കൊണ്ട്.  


പഴനിമല മുരുകനെ കാണുവാൻ ഇനിയും വരാൻ കഴിയട്ടെ എന്ന പ്രാത്ഥനയോടെ അടുത്ത ദിവസത്തേക്കുള്ള യാത്രക്കായി മനസിനെ ഒരുക്കികൊണ്ടു ഞങ്ങളുടെ യാത്രയുടെ ആദ്യ ദിവസം അങ്ങനെ പഴനിമലയിൽ ഭംഗിയായി അവസാനിച്ചു.


തുടരും.....

Comments

Popular posts from this blog

The Flying Horse

The Little Butterfly

Master of Marketing Research (MMR)