Anuyathra: Journey of Thoughts


അനുയാത്ര

ഡോ: സിബു സി. ചിത്രന്‍ 

വളരെക്കാലമായി അവനെ കണ്ടിട്ട്. ഞങ്ങള്‍ ഇരുവരും ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്നു. ഈ കഴിഞ്ഞ ദിവസമാണ് അവന്‍റെ കത്തെനിക്ക് കിട്ടിയത്. അവന് ഏതോ ഒരു വലിയ കമ്പനിയിലെ മാനേജരായി ജോലി കിട്ടിയിരിക്കുന്നു. ഞാന്‍ ശരിക്കും അത്ഭുത്തപ്പെട്ടുപോയി. അതിനു കാരണമില്ലാതില്ല. 
Image result for kerala pallikoodam
അവന്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സാമാന്യം നല്ല ഉഴപ്പനായിരുന്നു. ട്യൂഷന്‍ ഇല്ലഞ്ഞിട്ടും ക്ലാസ്സില്‍ കേറില്ല. സദാസമയവും കളിയും ചിരിയും സിനിമയും ഒക്കെയായി അവന്‍ കഴിച്ചുകൂട്ടി. എങ്കിലും അവന് ദുഃശ്ശീലങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പരീക്ഷകളില്‍ എങ്ങനെയൊക്കെയോ കരകയറി. ഇമ്മാതിരി ഒരുത്തന്‍ ഒരു കമ്പനിയിലെ മാനേജരോ? അന്നൊക്കെ തിരക്കേടില്ലാതെ പഠിച്ചിരുന്ന ഞാന്‍ ഇതാ ഈ സമയം വരെ ഒരു ജോലിക്കായി അലയുന്നു. എന്തായാലും അവനെ ഒന്നു ചെന്ന് കാണുക തന്നെ. 

പിറ്റേന്ന് തന്നെ ഞാന്‍ അവന്‍റെ ജോലി സ്ഥലത്തേക്ക് തിരിച്ചു. ബസ്സിലായിരുന്നു യാത്ര. എതോ ഒരു സ്റ്റോപ്പില്‍ ബസ്സ്‌ നിറുത്തിയപ്പോള്‍ അല്‍പ്പം വൃദ്ധനായി എന്ന് തോന്നിക്കുന്ന ഒരാള്‍ ബസ്സില്‍ കയറി. പ്രായത്തെ മാനിച്ച് ഞാന്‍ അദ്ദേഹത്തിന് എന്‍റെ സീറ്റ്‌ ഒഴിഞ്ഞു കൊടുത്തു. നന്ദി നിറഞ്ഞ ഒരു പുഞ്ചിരിയുമായി അയാള്‍ എന്‍റെ സീറ്റില്‍ സ്ഥാനം പിടിച്ചു.   
ബസ്സ്‌ വീണ്ടും വളരെ ദൂരം സഞ്ചരിച്ചു. ഇതിനിടയില്‍ വൃദ്ധനിരുന്നിരുന്ന സീറ്റിന് തൊട്ടു പിന്നിലെ സീറ്റൊഴിഞ്ഞു. ഞാന്‍ ആ സീറ്റിലിരുന്ന് യാത്ര തുടര്‍ന്നു. 

ഇടയ്ക്കിടെ അയാള്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. 

“അമ്മാവന്‍ എങ്ങോട്ടാണ്?” ഞാന്‍ വെറുതെ ചോദിച്ചു. 

അയാള്‍ക്കും എനിക്കും ഒരേ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത് എന്ന് അയാളുമായുള്ള സംഭാഷണത്തില്‍ നിന്നും എനിക്ക് മനസ്സിലായി. തീരെ അപരിചിതമായ സ്ഥലത്തേക്കാണല്ലോ ഞാന്‍ പോകുന്നത്. ഏതായാലും എനിക്ക് ഒരു കൂട്ടായി എന്ന് ഞാന്‍ വിചാരിച്ചു.

ഒടുവില്‍ ഞങ്ങള്‍ക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. ഞങ്ങള്‍ ഇരുവരും അവിടെ ഇറങ്ങി. അയാളോട് എങ്ങോട്ടാണ് പോകുന്നതെന്ന് ഞാന്‍ തിരക്കി. ആ വൃദ്ധനും എന്‍റെ സുഹൃത്തിന്‍റെ വീട്ടിലേക്ക് തന്നെ. എനിക്ക് സന്തോഷമായി. വീടുതേടി അലയണ്ടല്ലോ. 

ഞാന്‍ നടക്കുന്നതിനിടയില്‍ വെറുതെ അയാളോട് ചോദിച്ചു. “എന്താ ഇന്ന് അവിടെ പ്രത്യേകിച്ചു വല്ല വിശേഷവും ഉണ്ടോ?”  

ഇത് കേട്ടതും വൃദ്ധനന്‍റെ മുഖഭാവം മാറി. “അയ്യോ! കുഞ്ഞറിഞ്ഞില്ലേ? ആ സാറ് ഇന്നലെ രാത്രി മരിച്ചുപോയി.”

വൃദ്ധന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഞാന്‍ സ്തബ്ധനായി നിന്നുപോയി. എന്‍റെ  മനസ്സില്‍ സങ്കടവും കുറ്റബോധവും പശ്ചാത്താപവും എല്ലാം കലങ്ങി മറിയും പോലെ തോന്നി. ആകെ ഒരു തലചുറ്റല്‍ പോലെ. 

പെട്ടെന്ന്‍ ഞാന്‍ വൃദ്ധനോട് യാത്ര പറഞ്ഞു. എന്‍റെ യാത്ര അവിടെ അവസാനിക്കുകയായിരുന്നു. എനിക്ക് എന്ത് ചെയ്യണമെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ഞാന്‍ തിരിച്ചുള്ള വണ്ടിയില്‍ കയറി.

ബസ്സിലിരുന്ന് ഞാന്‍ ആലോചിച്ചു. അവന്‍ മരിച്ചിട്ടില്ല. ദൈവമേ ആ വൃദ്ധനു ആള്‍ തെറ്റിയതായാല്‍ മതിയായിരുന്നു ഏന്ന് ഞാന്‍ പ്രാര്‍ഥിച്ചു, അല്ല അങ്ങനെ വിശ്വസിച്ചു. പിന്നെ എന്തിന് ഞാന്‍ മടങ്ങുന്നു? എനിക്കതിന് വ്യക്തമായ ഒരു ഉത്തരം ഇല്ലായിരുന്നു. അപ്പോഴും എന്‍റെ മനസ്സിന്‍റെ ഒരു കോണില്‍ ദുഃഖം ഉറവ കണക്കെ ഒഴുകുകയായുരുന്നു. ഞാന്‍ മെല്ലെ എന്‍റെ  തൊട്ടടുത്തിരിക്കുന്ന ആളുടെ മുഖത്തേക്ക് നോക്കി. അയാള്‍ക്ക് എന്‍റെ  സുഹൃത്തിന്‍റെ മുഖചായ അല്ലേ? അതോ എന്‍റെ തോന്നലാണോ? അതിനും എനിക്ക് ഉത്തരം കിട്ടിയില്ല.     

*****************************************

Comments

Popular posts from this blog

New Homes for the Tuskers

Master of Marketing Research (MMR)

Sequels in Malayalam Film Industry