Niyogamee Yatra (Part 6): A Travelogue

നിയോഗമീ യാത്ര 
ഭാഗം 6
ജിനു രാജീവ്‌ പി & ഡോ: സിബു സി. ചിത്രന്‍

19 ജൂലൈ 2019 -  മൂന്നാം ദിവസം – രാമേശ്വരം - പാമ്പൻ പാലം  - തിരുപ്പറൻകുന്ദ്രം - മധുരൈ (തുടര്‍ച്ച)


യാത്രയുടെ മൂന്നാം ദിവസമാണിന്ന് .രാമേശ്വരത്ത് നിന്നും മധുരൈക്ക് .അപ്പോൾ ചെറിയ വഴിത്തിരിവ് .അച്ഛന്‍റെയും അമ്മയുടെയും സുഹൃത്തുക്കളായിരുന്ന പ്രേമ ആന്‍റിയും രാമചന്ദ്രൻ അങ്കിളും കുടുംബവും തൃശ്ശൂരിൽ നിന്നും മധുരൈക്ക് താമസം മാറ്റിയ വിവരം യാദൃശ്ചികമായി അറിഞ്ഞത്. അങ്ങനെ അന്ന് ഉച്ചക്ക് അവരുടെ വീട്ടിൽ നിന്നും ഊണ് കഴിക്കാൻ ഒരു ക്ഷണവും കിട്ടി .അവരുടെ വീട് മധുരൈ പട്ടണത്തിൽ നിന്നും മാറി തിരുപ്പറൻകുന്ദ്രം എന്നടുത്താണ് എന്ന് അറിഞ്ഞപ്പോൾ ഒരു നിമിഷം ഞാൻ ഞെട്ടി പോയി .കാരണം ഈ യാത്ര പുറപ്പെടുന്നതിനു മുൻപ് എന്‍റെ ഓഫീസിലെ സുഹൃത്ത് പറഞ്ഞിരുന്നു മധുരൈക്ക് പോകും വഴി  തിരുപ്പറൻകുന്ദ്രം എന്നൊരു മുരുകക്ഷേത്രമുണ്ട് .അത് വിട്ടു കളയരുത് എന്ന്. എന്നാൽ പ്രത്യേകിച്ച് പ്രതീക്ഷകൾ  ഇല്ലാത്ത യാത്ര ആയിരുന്നതിനാൽ അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നില്ല .അതാണ് നിയോഗം .അങ്ങനെ പ്രേമ ആന്‍റിയുടെ ക്ഷണത്തിൽ നിന്നും തിരുപ്പറൻകുന്ദ്രം ക്ഷേത്രം സന്ദർശിക്കാൻ ഒരു അവസരം കിട്ടി.

തമിഴ് നാട്ടിലെ  ആറു പ്രധാന മുരുക ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുപ്പറൻകുന്ദ്രം എന്ന ഗുഹാക്ഷേത്രം.  സുരപദ്മൻ എന്ന അസുരനുമായുള്ള യുദ്ധം ജയിച്ച് ദേവേന്ദ്രന്‍റെ മകൾ ആയ ദേവയാനിയെ മുരുകൻ വിവാഹം കഴിച്ചത് ഇവിടെവെച്ചാണ് എന്നാണ് വിശ്വാസം .ഉച്ചപൂജക്ക് മുൻപ് ക്ഷേത്രം നട  അടക്കുന്നതിനു അൽപ്പം മുൻപാണ് ഞങ്ങൾ അവിടെ എത്തി ചേർന്നത് .നല്ല തിരക്കായിരുന്നു. അഗ്രഹാരവീഥികൾ പോലെ തോന്നിക്കുന്ന വഴിയിൽ ഒരു വീടിനു അരികെ വണ്ടി നിർത്തി ഞങ്ങൾ ദർശനത്തിനായി പോയി .പുറത്ത് പൊള്ളുന്ന വെയിലിലും ഈ അമ്പലത്തിനു അകത്ത് സുഖകരമായ തണുപ്പ് അനുഭവപെട്ടു .വളരെ പുരാതനമായ ഒരു ലോകത്ത് എത്തിപ്പെട്ടത് പോലെ തോന്നിച്ചു. തിരക്കിനിടയിലും ശാന്തി തുളുമ്പുന്ന അന്തരീക്ഷം.

തൊഴുതിറങ്ങിയപ്പോൾ  ക്ഷേത്രകവാട ത്തിനുള്ളിലുള്ള  പൂജാസാധനങ്ങളും മറ്റും വിൽക്കുന്ന ചെറിയ കടകൾ.    ആ കടകളിൽ വിൽക്കാൻ വച്ചിരിക്കുന്ന ചിത്രങ്ങൾക്കിടയിൽ മുരുകന്‍റെ ഓമനത്തമുള്ള ഒരു ചിത്രം പെട്ടെന്ന് കണ്ണിൽ പെട്ടു. അധികം അങ്ങനെ കാണാത്ത ഒന്ന്.നമ്മുടെ ഉണ്ണിക്കണ്ണനെ ഓർമിപ്പിക്കുന്ന ഒരെണ്ണം. അതോരെണ്ണം വാങ്ങി അവിടെ നിന്നും തിരിച്ചു. 

ക്ഷേത്രത്തിൽ നിന്നും അധികം ദൂരമില്ലായിരുന്നു പ്രേമ ആന്‍റിയുടെ വീട്ടിലേക്ക്. കുടുംബസുഹൃത്താണെങ്കിലും ഞാൻ ആദ്യമായിട്ടാണ് അവരെ കാണുന്നത്. അമ്മയിൽ നിന്നും പറഞ്ഞു കേട്ട അറിവ് മാത്രമേ എനിക്ക് ആ കുടുംബത്തെ പറ്റി ഉണ്ടായിരുന്നുളൂ .പക്ഷെ ആ കുടുംബത്തിൽ നിന്നും ലഭിച്ച സ്നേഹവും സ്വീകരണവും അങ്ങനെ ഒരു അകൽച്ച തോന്നിപ്പിച്ചതേ ഇല്ല .ഈ യാത്രക്കിടയിൽ നന്മ നിറഞ്ഞ മനുഷ്യരുമായി ഇടപെടാൻ കഴിഞ്ഞതും ഒരു നിയോഗം തന്നെ.
 
അവിടെ ഉച്ചഭക്ഷണത്തിനു ശേഷം മധുരൈ മീനാക്ഷി ക്ഷേത്രത്തിൽ നിന്നും നടക്കാവുന്ന ദൂരത്തുള്ള 'മധുരൈ റസിഡൻസി' എന്ന ഞങ്ങളുടെ താമസസ്ഥലത്തേക്ക് തിരിച്ചു.
 
പത്ത് പതിനഞ്ചു മിനിറ്റ് നഗരത്തിലെ തിരക്കിനിടയിൽ കൂടെ നടന്നതിന് ശേഷമാണ് മധുരൈ മീനാക്ഷി ക്ഷേത്രത്തിന്‍റെ തെക്കേ കവാടത്തിൽ  എത്തി ചേർന്നത്. സുരക്ഷാപരിശോധനകൾക്ക് ശേഷമാണ് ക്ഷേത്രത്തിന്‍റെ അകത്തേക്ക് പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ആയതിനാൽ നല്ല തിരക്കുണ്ടായിരുന്നു . 


നൂറ് രൂപയുടെ സ്പെഷ്യൽ ദർശന ടിക്കറ്റ് എടുത്താണ് ഞങ്ങൾ അകത്തേക്ക് കയറിയത്. എന്നിട്ടും അൽപ്പ നേരം ക്യൂവിൽ നിന്നു .പുരാതനമായ ഒരു കൊട്ടാരകെട്ടിനകത്തേക്ക് പ്രവേശിച്ച പ്രതീതി ആയിരുന്നു .ദേവീപ്രതിഷ്ഠകളിൽ ഏറ്റവും സുന്ദരി ആയ മധുരമീനാക്ഷിയമ്മയെ വണങ്ങി അർച്ചന നടത്തിയതിനു  ശേഷം ഞങ്ങൾ മഹാദേവന്‍റെ തിരുനടയിലേക്ക് പോയി .സായാഹ്നപൂജ നടക്കുന്നതിനാൽ കുറച്ചു നേരം തിരുനടക്ക് മുന്നിൽ നിൽക്കാൻ സാധിച്ചു .ചുറ്റുമുളള വിഗ്രഹങ്ങളുടെയും ചിത്രകലകളുടെയും ഭംഗി ആസ്വദിക്കാതിരിക്കാൻ കഴിയില്ല. 

ചോളരാജാക്കന്മാരുടെ കാലത്തു നിർമ്മിച്ച ഈ ക്ഷേത്രസമുച്ചയം കണ്ടു തീർക്കാൻ ഇനിയും ഒരു വരവ് കൂടി വരേണ്ടി വരും .അത്രക്ക് വലിയ ഒരു സംഭവം തന്നെ ആണ് .ഒരു ടൈം മെഷീനിൽ കേറി സമയത്തിന് പുറകെ സഞ്ചരിച്ചത് പോലെ .നടന്ന് നടന്ന് കാലുകൾ വേദനിച്ചു. പക്ഷെ ആ ശില്പഭംഗിക്ക്മുന്നിൽ എല്ലാം മറന്നു . ആയിരംകാൽ മണ്ഡപത്തിനുള്ളിൽ ഉള്ള കാഴ്ചകൾ കണ്ട് മതിമറന്ന് കുറച്ച് നേരം അവിടെ ഇരുന്നു. അവിടുത്തെ നടരാജവിഗ്രഹം പോലെ ഒന്ന് ഞാൻ വേറെ കണ്ടിട്ടേ ഇല്ല .അനവധി വിദേശീയർ  ഉൾപ്പടെ ധാരാളം സഞ്ചാരികൾ ക്ഷേത്രസമുച്ചയത്തിൽ ഉണ്ട് .തിരുനടകൾ ഒഴികെ ബാക്കി എല്ലായിടവും അഹിന്ദുക്കൾക്ക് പ്രവേശനം ഉണ്ട്. കണ്ടിട്ടും കണ്ടിട്ടും തീരാത്ത കാഴ്ചകളുണ്ട് ഇനിയും .കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കണ്ട് മതിമറന്ന് തെക്കേ ഗോപുരത്തിലൂടെ പുറത്തേക്ക് കടന്നു.
ഇനി തിരിച്ച് താമസസ്ഥലത്തേക്ക് നടത്തം. മധുരൈയിൽ വന്നിട്ട് മല്ലിപ്പൂ വാങ്ങിച്ചില്ലെങ്കിൽ മോശമല്ലേ. അങ്ങനെ ഞാനും ഒരു തമിഴ്‌ പെണ്‍കൊടി ആയി. 

യാത്രയുടെ പ്രധാന ഉദേശമായ ക്ഷേത്രദർശനം ഒക്കെ ഏകദേശം കഴിഞ്ഞു .ഇനി ഏറെ കേട്ടിട്ടുള്ള മധുരൈ പട്ടണം ആസ്വദിക്കാൻ ഞങ്ങൾ തീരുമാനിച്ചു .സന്ധ്യ മയങ്ങാൻ തുടങ്ങിയപ്പോഴേക്കും തിരക്ക് കൂടാൻ തുടങ്ങി .ചെറുതും വലുതുമായ ഭക്ഷണശാലകളിൽ നിന്നും ഇരുന്നും ആളുകൾ പലവിധ പലഹാരങ്ങൾ കഴിക്കുന്നു. മധുരൈജനത ഭക്ഷണപ്രിയർ ആണെന്ന് മനസിലായി .ഉറക്കമില്ലാത്ത നഗരം എന്നാണ് മധുരൈ അറിയപ്പെടുന്നത് .ഞങ്ങളും ആ ആൾക്കൂട്ടത്തിലേക്ക് അലിഞ്ഞു ചേരാൻ തീരുമാനിച്ചു .താമസ്ഥലത്തിനടുത്തുള്ള 'പ്രേമവിലാസ്' എന്ന കടയിൽ നിന്നും വീട്ടിലേക്ക് അൽപ്പം പലഹാരങ്ങൾ വാങ്ങിച്ച് തിരിച്ചു മുറിയിൽ എത്തി. 

ഇനി രാത്രി ഭക്ഷണം എവിടെ നിന്ന് കഴിക്കണം എന്നായി ചിന്ത .ക്ഷേത്രദർശനം ഒക്കെ ഏകദേശം കഴിഞ്ഞത് കാരണം വ്രതം മുറിക്കാൻ തീരുമാനിച്ചു .ഗൂഗിൾ ചേച്ചിയുടെ അഭിപ്രായം പ്രകാരം താമസസ്ഥലത്തിനടുത്ത് മധുരൈയുടെ തനത് വിഭവങ്ങൾ കിട്ടുന്ന ഒരു മെസ് ഉണ്ടെന്ന് അറിഞ്ഞു.  ഏതു നാട്ടിൽ ചെന്നാലും അവിടുത്തെ ഭക്ഷണം കഴിക്കണം എന്ന് താല്പര്യമുള്ളവരാണ് ഞങ്ങൾ രണ്ടു പേരും .അങ്ങനെ ഞങ്ങൾ 'കുമാർ മെസ്' തേടി പിടിച്ചു .

ഭംഗിയുള്ള വാഴയില മുന്നിൽ കൊണ്ട് വന്നു വെച്ചു .നല്ല വൃത്തിയും രുചിയുമുള്ള ഭക്ഷണം തൃപ്തിയോടെ കഴിച്ചു .അവിടെ നിന്നും പുറത്തു ഇറങ്ങിയപ്പോൾ കണ്ടു ‘സിറ്റി ഫേമസ് മധുരൈ ജിഗര്‍തണ്ട’. മധുരൈയുടെ തനതായ പാനീയം .നേരം ഇരുട്ടും തോറും നഗരത്തിലെ തിരക്ക് കൂടിക്കൊണ്ടേയിരുന്നു. പകലത്തെ ജോലിഭാരം ഒക്കെ  കഴിഞ്ഞു വൈകീട്ട് കുടുംബവും ഒത്ത് ഭക്ഷണം കഴിക്കാനും ഷോപ്പിംഗ് നടത്താനും ഒക്കെ എത്തിയ ജനങ്ങളെ കൊണ്ട് തെരുവുകൾ ജനസാന്ദ്രമായി തുടങ്ങി. ഞങ്ങൾ തിരിച്ച് മുറിയിലേക്ക് മടങ്ങി .

നാട്ടിൽ കഴിഞ്ഞ മൂന്ന് ദിവസമായി തോരാത്ത മഴയാണ് .നാളെ  തേനി -  കമ്പം വഴിയാണ് തിരിച്ച് പോകണ്ടത് .അതിരാവിലെ യാത്ര തിരിക്കുന്നതിനായി തയ്യാറായിക്കൊണ്ട് മധുരൈയിലെ ദിവസം അങ്ങനെ അവസാനിച്ചു .


തുടരും......

Comments

Popular posts from this blog

The Flying Horse

The Little Butterfly

Master of Marketing Research (MMR)