Niyogamee Yatra (Part - 4): A Travelogue

നിയോഗമീ യാത്ര 
ഭാഗം 4
ജിനു രാജീവ്‌ പി & ഡോ: സിബു സി. ചിത്രന്‍



18 ജൂലൈ 2019 - രണ്ടാം ദിവസം - പളനി - മധുരൈ - മാനാമധുരൈ  - പാമ്പൻ പാലം - ധനുഷ്‌കോടി - അരിഞ്ചൽ മുന - രാമേശ്വരം (തുടര്‍ച്ച)

രാമേശ്വരത്തിന്‍റെ പ്രധാന വഴിയിലേക്ക് കടന്നപ്പോൾ തന്നെ സ്വര്‍ണ്ണനിറത്തിൽ തിളങ്ങുന്ന ഗോപുരം കണ്ടുതുടങ്ങി .ഗൂഗിൾ ചേച്ചിയുടെ സഹായത്തോടെ ഞങ്ങളുടെ താമസസ്ഥലമായ ഹോട്ടൽ 'രാഘവേന്ദ്ര'യിലെത്തി.അവിടുത്തെ ജീവനക്കാരനായ ശ്രീ.ആനന്ദ് രാമേശ്വരത്തെക്കുറിച്ചും അവിടെത്തെ ആചാരങ്ങളെ കുറിച്ചും വ്യക്‌തമായി പറഞ്ഞു തന്നു.ക്ഷേത്രത്തിലെ ഇരുപത്തിരണ്ടു തീർത്ഥകുളങ്ങളിൽ നിന്നുമുള്ള സ്നാനവും, അഗ്നിതീർത്ഥം എന്നറിയപ്പെടുന്ന സമുദ്രതീരത്തുള്ള ബലിതർപ്പണവുമാണ് ഇവിടുത്തെ പ്രധാന അനുഷ്ഠാനം .ഞങ്ങളുടെ യാത്രയുടെ പ്രധാനലക്ഷ്യവും ഇത് തന്നെ ആയിരുന്നു .എന്നാൽ കേട്ടുകേൾവികൾ മാത്രമായിരുന്ന ഈ അനുഭവങ്ങൾ സാധ്യമാക്കാൻ കഴിയുമോ എന്ന പൂർണ വിശ്വാസം ഉണ്ടായിരുന്നില്ല .അമിത പ്രതീക്ഷകൾ വയ്ക്കാതെ ആരോ കാണിച്ചുതന്ന വഴികളിലൂടെ ആയിരുന്നു ഇനി അങ്ങോട്ടുള്ള കാൽവെപ്പുകൾ. ഈശ്വരൻ നേരത്തെ തിരക്കഥ എഴുതിവച്ചിരുന്ന യാത്രയാണ് ഇത് എന്ന് തോന്നിപ്പിക്കുന്ന പോലെ അത്രയും എളുപ്പം ആയിരുന്നു പിന്നെ അങ്ങോട്ടുള്ള ഓരോ കാര്യങ്ങളും.


പൊതുവെ തമിഴ് നാട്ടിലെ പ്രധാന അമ്പലങ്ങളിൽ ചെന്നാൽ  സന്ദർശകരെ ചൂഷണം ചെയ്യാൻ കണക്കാക്കി ചില ഏജന്‍റെമാര്‍ നമ്മളെ സമീപിക്കും. വായിച്ചറിഞ്ഞ അറിവുകളിൽ നിന്നും മുൻപ് കന്യാകുമാരിക്കടുത്തുള്ള ശുചീന്ദ്രം ക്ഷേത്രം സന്ദർശിച്ചപ്പോൾ കിട്ടിയ അനുഭവങ്ങളിൽ നിന്നും ഇതിനെ കുറിച്ച് ഒരു ധാരണ ഉണ്ടായിരുന്നു. ആയതിനാൽ അത്തരം കെണികളിൽ ചെന്ന് പെടാതെ തന്നെ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം ദൈവഹിതം എന്നതു പോലെ ഭംഗിയായി നടന്നു.

 . 
രാവണനിഗ്രഹത്തിനു ശേഷം തന്‍റെ പാപമോചനത്തിനായി ശ്രീരാമൻ ക്രിയകൾ ചെയ്ത് മനസിനെ ശാന്തമാക്കിയത് രാമേശ്വരത്തെ സമുദ്രതീരത്താണ് എന്നാണ് വിശ്വാസം. അതിനാലാണ് ഇവിടത്തെ സമുദ്രം ശാന്തമായി നിലകൊള്ളുന്നതത്രേ.  അഗ്നിതീർത്ഥം എന്നാണ് ഈ സമുദ്രതീരം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്‍റെ കിഴക്കു സ്ഥിതി  ചെയ്യുന്ന അഗ്നിതീർത്ഥത്തിലേക്ക് ഞങ്ങളുടെ താമസസ്ഥലത്ത് നിന്നും നടക്കാവുന്ന ദൂരമേയുള്ളു. ഉച്ചഭക്ഷണം കഴിഞ്ഞ് ഒന്ന് വിശ്രമിച്ചതിനു ശേഷം ഒരു മൂന്നര മണിയോടെ ക്ഷേത്രത്തിലേക്ക് ഞങ്ങൾ നടന്നു.അധികവും സന്ദർശകർ ഇല്ലാതെ വളരെ ശാന്തമായ പരിസരം .കടൽ തന്നെ ആണോ എന്ന് സംശയം തോന്നുന്ന തീരം. നമ്മുടെ നാട്ടിലെ കായലിൽ ഇതിലും ഏറെ ഓളം ഉണ്ടാകും .എല്ലാ പാപങ്ങളെയും അലിയിച്ച് കളയുവാൻ ശക്‌തിയുള്ള ഈ അഗ്നിതീർത്ഥം അത്രയേറെ ശാന്തം. വിധിപ്രകാരമുള്ള തീർത്ഥസ്നാനത്തിനായി ഞങ്ങൾ രണ്ടുപേരും അഗ്നിതീർത്ഥത്തിൽ കാൽ നനച്ചു .






ഈറനോടെ    തീർത്ഥസ്നാനത്തിനുള്ള കവാടത്തിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു . അകത്തു പ്രവേശിച്ചപ്പോളാണ് എത്ര മനോഹരമാണീ ക്ഷേത്രത്തിന്‍റെ ശില്പചാതുരി എന്ന് മനസിലായത്. ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഇടനാഴിയാണ് ഈ ക്ഷേത്രത്തിനുള്ളത്. ആ ഇടനാഴിയുടെ മേൽക്കൂരയിൽ ചാർത്തിയിരിക്കുന്ന വർഷങ്ങളുടെ പഴക്കമുള്ള നിറക്കൂട്ടുകൾ അതിമനോഹരമാണ്.



ഇരുപത്തിയഞ്ച് രൂപയുടെ രണ്ട്  ടിക്കറ്റുകൾ എടുത്ത് ഞങ്ങൾ തീർത്ഥ സ്നാനത്തിനായി അകത്തേക്ക് പ്രവേശിച്ചു .ക്ഷേത്രത്തിന് അകത്തായി വ്യാപിച്ചു കിടക്കുന്നഇരുപത്തിരണ്ട് തീർത്ഥ കിണറുകൾ. മഹാലക്ഷ്മി തീർത്ഥത്തിൽ തുടങ്ങി കോടി തീർത്ഥം വരെ .ഓരോ തീർത്ഥ കിണറുകൾക്കും സമീപം ക്ഷേത്രജീവനക്കാർ തീർത്ഥജലം എടുത്തു ഒഴിച്ച് തരുവാൻ നിൽപ്പുണ്ട്. ഞങ്ങളെ കൂടാതെ ആ സമയത്ത് നാലഞ്ചു പേരടങ്ങുന്ന ചെറു സംഘങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും മലയാളികളുമല്ല .യാത്രക്കായി തിരഞ്ഞെടുത്ത ദിവസങ്ങളുടെ പ്രത്യേകത കൊണ്ടാകാം  തിരക്ക് അനുഭവപ്പെടാഞ്ഞത് .അതുകൊണ്ട് തന്നെ ധൃതി വയ്ക്കാതെ വളരെ ശാന്തമായി ഞങ്ങൾ നീങ്ങി.  ഓരോ കിണറിൽ നിന്നുമുള്ള ജലത്തിന് പ്രത്യേകതകൾ ഉണ്ട് .കടൽത്തീരത്തു ചേർന്ന് കിടക്കുന്ന ജലശ്രോതസ്സ് ആയിട്ടും മിക്കതിനും ഉപ്പുരസം ഇല്ല .ഓരോ തീർത്ഥത്തിനും ഓരോ ഐതിഹ്യമുണ്ട് .ഓരോ തീർത്ഥ കിണറിൽ നിന്നും പ്രാത്ഥനയോടെ ജലം ശിരസ്സിൽ പതിക്കുമ്പോഴും മനസ്സിൽ ഒരു ശാന്തതയും ഊർജ്ജവും അനുഭവപെട്ടു. ആചാരങ്ങളും വിശ്വാസങ്ങൾക്കും അപ്പുറം അതൊരു അനുഭവമാണ്. ഒടുവിൽ ഏറ്റവും പുണ്യമായ തീർത്ഥമായി കരുതുന്ന കോടിതീർത്ഥം ഒരു ചെറിയ തീര്‍ഥകലശത്തിൽ നിന്നുമാണ് തളിക്കുന്നത് .അതോടെ പുണ്യസ്‌നാനം അവസാനിക്കുന്നു .



ഈറൻ വസ്ത്രങ്ങളോടെ പ്രധാന ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ ഞങ്ങൾ താമസസ്ഥലത്ത് പോയി വസ്ത്രങ്ങൾ മാറി വന്നു.  സീതാദേവി നിർമ്മിച്ച് ശ്രീരാമൻ പ്രതിഷ്ഠിച്ചതായി കരുതുന്ന ശിവലിംഗത്തെ പൊതുദർശന വഴിയിലൂടെ പ്രവേശിച്ച് ആവോളം ദര്‍ശിച്ചു. എണ്ണ വിളക്കുകളുടെ പശ്ചാത്തലത്തിൽ ജല അഭിഷേകം ചെയ്യപ്പെടുന്ന ശിവലിംഗദർശനം മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. ക്ഷേത്രത്തിന്‍റെ ശില്പചാതുരി ചുറ്റി നടന്നു കണ്ടതിനു ശേഷം തിരിച്ച് താമസ്ഥലത്തേയ്ക്ക് മടങ്ങി. 


രാമേശ്വരം രാമപാദം പതിഞ്ഞ പുണ്യഭൂമി മാത്രമല്ല. നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമായ മിസൈൽമാൻ, മുൻ രാഷ്‌ട്രപതി ഡോ:എ.പി.ജെ. അബ്ദുൽ കലാമിന്‍റെ ജന്മസ്ഥലം കൂടിയാണ്. ഞങ്ങളുടെ താമസസ്ഥലത്തു നിന്നും രണ്ട് കിലോമീറ്റർ മാത്രമാണ് അങ്ങോട്ടുള്ള ദൂരം. ഇന്ന് അദേഹത്തിന്‍റെ വീട് ഒരു മ്യൂസിയം കൂടിയാണ്. പക്ഷെ ഞങ്ങൾ അവിടെ എത്തിയപ്പോൾ സന്ദർശനസമയം കഴിഞ്ഞിരുന്നു. 


ഹൗസ് ഓഫ് കലാം സ്ഥിതി ചെയ്യുന്ന തെരുവിൽ തന്നെ രാമേശ്വരത്തിന്‍റെ തനതായ കരകൗശല വസ്തുക്കള്‍ വിൽക്കുന്ന നിരവധി കടകൾ ഉണ്ട്. അവയെല്ലാം പ്രസിഡന്റ്‌ കലാമിന്‍റെ പേരിൽ ഉള്ളതാണ്. അതിൽ എടുത്തു പറയേണ്ട ഒരു കടയാണ് 'കലാംസ് സീഷെ മാര്‍ട്ട്'. വളരെ മിതമായ വിലയിൽ കരകൗശല വസ്തുക്കളും മുത്ത്‌ കൊണ്ടുള്ള ആഭരണങ്ങളും ഒക്കെ ഇവിടെ ലഭിക്കും. ഈ കടയ്ക്ക് പിന്നിൽ രസകരമായ ഒരു വസ്തുത ഉണ്ട്. ഇതിന്‍റെ ഉടമസ്ഥന്‍റെ പേരും കലാം എന്ന് തന്നെ ആണ്‌. അദ്ദേഹം നമ്മുടെ അബ്ദുൽ കലാമിന്‍റെ ബന്ധു കൂടിയാണ്. സന്ദർശകരുടെ ധാരണ ഇത് പ്രസിഡന്റ്‌ കലാമിന്‍റെ കടയാണ് എന്നാണ്. ഇന്ന് രാമേശ്വരം പട്ടണത്തിലെ ധനികരിൽ ഒരാളാണ് ഈ കടയുടെ ഉടമയായ കലാം എന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെ ഞങ്ങളുടെ മക്കളായ സിജിത്രക്കും സിനീജക്കും വേണ്ടി കുറച്ച് അല്ലറ ചില്ലറ ഷോപ്പിംഗ് നടത്തി രാത്രി ഭക്ഷണവും കഴിച്ചു മുറിയിൽ തിരിച്ച് എത്തി. 


 
നിലാവെളിച്ചത്തിൽ രാമേശ്വരക്ഷേത്രപരിസരത്തെ ശാന്തത തൊട്ടറിയാൻ എന്‍റെ ഭര്‍ത്താവ് ഒരു നടത്തത്തിനായി എന്നെ ക്ഷണിച്ചു. ഇന്നത്തെ നെടുനീളൻ നടത്തം എന്‍റെ കാലുകളെ തളർത്തിയതിനാലും നാളെ പുലർച്ചെ എഴുന്നേൽക്കുവാൻ ഉള്ളതിനാലും ഞാൻ വിശ്രമിക്കാൻ തീരുമാനിച്ചു. അങ്ങനെ രാമേശ്വരത്തിൽ ഞങ്ങളുടെ  ഒരു പകലും രാത്രിയും അവസാനിച്ചു.  


തുടരും.....

Comments

Popular posts from this blog

The Flying Horse

The Little Butterfly

Master of Marketing Research (MMR)