Niyogamee Yatra (Part - 1): A Travelogue
നിയോഗമീ യാത്ര
ഭാഗം1
ജിനു രാജീവ് പി & ഡോ: സിബു സി. ചിത്രന്‍
യാത്രകൾ എന്നും പോസിറ്റീവ് എനർജി നൽകുന്ന ഒരു കാര്യമാണ്. എന്നാൽ ചില യാത്രകൾ ചില നിയോഗങ്ങളാണ്. അങ്ങനെയാണ് കാര്യമായ തയ്യാറെടുപ്പുകളും പ്രതീക്ഷകളുമില്ലാതെ ഞങ്ങൾ രണ്ടു പേരും കർക്കിടക മാസം ഒന്നാം തിയതി ഒരു തീർത്ഥാടനയാത്രക്ക് പുറപ്പെടുന്നത്. വിവാഹജീവിതത്തിന്‍റെ
പതിനഞ്ച് വർഷങ്ങൾക്കിടയിൽ ഞങ്ങൾ രണ്ടു പേര്‍ മാത്രമായി റോഡ് മാര്‍ഗ്ഗമുള്ള ഒരു ദീർഘയാത്ര ഇത് ആദ്യം. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും പ്രകൃതിയെ ആസ്വദിച്ച് ഈശ്വരചിന്തയോട് കൂടിയ ഒരു യാത്ര. ഞങ്ങളുടെ ജീവിതത്തിലെ ഒരു നാഴികകല്ല്.
17 ജൂലൈ 2019 - ഒന്നാം ദിവസം – അമലഗിരി - മള്ളിയൂര്‍ - കൂത്താട്ടുകുളം - മൂവാറ്റുപുഴ - പെരുമ്പാവൂര്‍ - പൊള്ളാച്ചി - പളനി
മഴ മാറി നിന്ന കർക്കിടകം ഒന്നിന്‍റെ തെളിഞ്ഞ പുലരിയിൽ ഞങ്ങൾ വീടിന് അടുത്തുള്ള മാന്നാനം കൊട്ടാരം ദേവി ക്ഷേത്രത്തിൽ തൊഴുത് അമ്മയ്ക്കും മക്കൾക്കും പ്രസാദം കൈമാറി അവരുടെ അനുഗ്രഹത്തോടെ യാത്ര ആരംഭിച്ചു. ഞങ്ങളുടെ സാമീപ്യം ഇല്ലാതെ നാലു ദിവസം നല്ല കുട്ടികൾ ആയിരിക്കുവാൻ മക്കൾ കാണിച്ച ആത്മവിശ്വാസം ആണ് ഞങ്ങളുടെ കരുത്ത്.
കുടംബത്തിലെ ഏതു കാര്യവും മള്ളിയൂർ മഹാഗണപതിയെ വണങ്ങിയല്ലാതെ ചെയ്യാറില്ല. അതും ഒരു നിയോഗം ആണ്. പതിനാലു വർഷങ്ങളായി തെറ്റിക്കാത്ത പതിവ്. കർക്കിടകം ഒന്ന് ആകയാൽ രാമായണമന്ത്രങ്ങൾ കൊണ്ട് മുഖരിതമായ മള്ളിയൂർ ക്ഷേത്രത്തിൽ ഹോമകുണ്ഡത്തിൽ നിന്നും ഗണപതിഹോമത്തിന്‍റെ പുക നിറഞ്ഞ അന്തരീക്ഷവും കൊടിമരത്തിന്‍റെ അരികിലൂടെ അരിച്ചിറങ്ങുന്ന പ്രഭാതത്തിലെ ഇളം വെയിലും ഒരു പ്രത്യേക അനുഭൂതി ആയിരുന്നു. വിഘ്നങ്ങൾ ഏതുമില്ലാത്ത ഒരു യാത്രക്കായി നാളികേരം ഉടച്ച് മള്ളിയൂർ ക്ഷേത്രത്തിൽ നിന്നും കുറവിലങ്ങാട് - പെരുമ്പാവൂർ പാതയിലൂടെ ഞങ്ങളുടെ യാത്ര തുടർന്നു.
പ്രഭാതഭക്ഷണം കഴിക്കുവാൻ കൂത്താട്ടുകുളത്തെ 'കാരവന്‍' ഹോട്ടലിൽ ആണ് കയറിയത്. പുഞ്ചിരി നിറഞ്ഞ അവിടുത്തെ ജീവനക്കാരന്‍റെ പെരുമാറ്റം എടുത്തു പറയേണ്ടതാണ്. യാത്രയിൽ ഉടനീളവും ഞങ്ങൾ കണ്ടുമുട്ടിയ ആളുകൾ, കിട്ടിയ അനുഭവങ്ങൾ, കഴിച്ച ഭക്ഷണം എല്ലാം വളരെ പോസിറ്റിവിറ്റി നിറഞ്ഞതായിരുന്നു.
പോകും വഴി മൂവാറ്റുപുഴയിലെ വെള്ളൂർകുന്നം ശിവക്ഷേത്രത്തിലും കയറി തൊഴുതു. ഞാൻ ആദ്യമായിട്ടാണ് അവിടെ പോകുന്നത്. കർക്കിടകം മാസാരംഭം ആയതിനാൽ എല്ലാ അമ്പലങ്ങളിലും ഭക്തി നിർഭരമായ അന്തരീക്ഷമായിരുന്നു. അതിനുശേഷം ഞങ്ങൾ പെരുമ്പാവൂരിലെ കീഴില്ലം മഹാദേവക്ഷേത്രത്തിലും തൊഴുത് യാത്ര തുടർന്നു.
ഇളവെയിലും തെളിഞ്ഞ അന്തരീക്ഷവുമായി അങ്ങനെ അങ്കമാലി-തൃശൂർ ഹൈവേയിലേക്ക് കയറി. ഏകദേശം ആറര മണിക്കൂറാണ് കോട്ടയത്ത് നിന്നും പഴനിയിലേക്കുള്ള യാത്രാസമയം. ഉച്ചയോടു കൂടി പഴനിയിൽ എത്തുക. വൈകുന്നേരം മുരുകനെ തൊഴുക എന്നതായിരുന്നു ആദ്യ ദിവസത്തെ ഉദ്ദേശം. അതിരാവിലെ യാത്ര തുടങ്ങിയതിനാൽ ബുദ്ധിമുട്ടിക്കുന്ന ട്രാഫിക് ഇല്ലായിരുന്നു. അതുകൊണ്ട് വളരെ സ്വസ്ഥമായിട്ടുള്ള യാത്ര സാധ്യമായി. ഡ്രൈവിംഗ് ഇഷ്ടപെടുന്ന എന്‍റെ ഭർത്താവും ഞങ്ങളുടെ ശകടവും തമ്മിൽ നല്ല രമ്യതയിൽ മുന്നോട്ടു പോകുന്നു. പിന്നെ ഉറക്കം വരാതെയിരിക്കാനും മടുപ്പു തോന്നാതെയിരിക്കാനും ഇടക്ക് ഞങ്ങൾ തമ്മിൽ ചില തർക്കങ്ങളും. മലയാള സിനിമ ഗാനങ്ങളിലെ കാവ്യഭംഗി ചോർന്നു പോകുന്നുണ്ടോ എന്നതായിരുന്നു വിഷയം. പശ്ചാത്തലത്തിൽ
മലയാള സംഗീത സംവിധായകൻ രവീന്ദ്രൻമാഷിന്‍റെ അനശ്വര ഗാനങ്ങളും.
അങ്ങനെ പണിതീരാത്ത കുതിരാൻ തുരങ്കവും കടന്ന് വടക്കഞ്ചേരിയിൽ എത്തി. അവിടെ നിന്ന് ഇടക്ക് ഗൂഗിള്‍ ചേച്ചി ആലത്തൂർ പട്ടണത്തിലൂടെ ഞങ്ങളെ കുറച്ച് വട്ടം ചുറ്റിച്ചെങ്കിലും പച്ചപ്പ് നിറഞ്ഞ ഗ്രാമവഴികൾ മനോഹരം ആയിരുന്നു. തമിഴ്നാട്ടിലെ കാറ്റാടിപ്പാടങ്ങളും ആളൊഴിഞ്ഞ ഗ്രാമവീഥികളും കടന്ന് ഞങ്ങൾ ഉച്ചയോടു കൂടി പൊള്ളാച്ചിയിൽ എത്തി. അവിടെ നിന്നും ഹോട്ടല്‍ 'അമൃത സുരഭി'യിലെ നല്ല ഒരു തമിഴ് വെജിറ്റേറിയൻ ശാപ്പാടും കഴിഞ്ഞ് യാത്ര തുടർന്നു.
തുടരും.....
Comments