Niyogamee Yatra (Part 5): A Travelogue

നിയോഗമീ യാത്ര 
ഭാഗം 5
ജിനു രാജീവ്‌ പി & ഡോ: സിബു സി. ചിത്രന്‍



19 ജൂലൈ 2019 -  മൂന്നാം ദിവസം – രാമേശ്വരം - പാമ്പൻ പാലം  - തിരുപ്പറൻകുന്ദ്രം - മധുരൈ

രാമേശ്വര സുപ്രഭാതം കേട്ടുകൊണ്ട് പുലർച്ചെ തന്നെ ഞങ്ങൾ ബലിതർപ്പണത്തിനായി അഗ്നിതീർത്ഥത്തിലേക്ക് നടന്നു .തലേ ദിവസം കണ്ട സമുദ്രതടമേ അല്ല ആ സമയം ഞങ്ങൾ അവിടെ കണ്ടത്. ഭാരതത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും വിവിധ ഭാഷകൾ സംസാരിക്കുന്ന ഒരു വലിയ ജനക്കൂട്ടം തന്നെ അവിടെ ഉണ്ട് .ബലിതർപ്പണവും പിതൃക്കൾക്കായുള്ള പൂജകളും സമുദ്രസ്നാനവും ഒക്കെയായി  വളരെയധികം ആളുകൾ അവിടെയുണ്ടായിരുന്നു.ബലിയിടണമെങ്കിൽ ഒരു കര്‍മ്മിയുടെ സഹായം വേണമല്ലോ .ഒരു നിമിഷം ഞങ്ങൾ ശങ്കിച്ച് നിന്നു.ആ സമയം ശുഭ്രവസ്ത്രധാരിയായ ഒരു ക്ഷേത്രജീവനക്കാരൻ ഞങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തു കൊണ്ട് സമീപിച്ചു. അഗ്നിതീർത്ഥത്തിൽ സ്നാനം ചെയ്ത് വരുമ്പോഴേക്കും ഒരു മലയാള വിധി പ്രകാരമുള്ള കര്‍മ്മിയെ ഏർപ്പാടാക്കി തരാമെന്ന് അദ്ദേഹം പറഞ്ഞു. 

ഉദയസൂര്യന്‍റെ കിരണങ്ങൾ വീഴുന്ന സമുദ്രത്തിലേക്ക് ഞങ്ങൾ ഇരുവരും ഈറനാകുവാൻ ഇറങ്ങി. തലേദിവസത്തെ അഴുക്കുകൾ ഒന്നും തീരത്തുണ്ടായിരുന്നില്ല  .ഇത്രയധികം ജനത്തിരക്കിനിടയിലും ഒരു പ്രശാന്തത നിറഞ്ഞു നിന്നിരുന്നു ആ തീരത്ത്.  തിരിച്ച് കരയിൽ കയറിയപ്പോൾ പറഞ്ഞപോലെ ഒരുക്കങ്ങൾ എല്ലാം തയ്യാർ.

കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ബലികർമ്മം പോലെയുള്ള വിധികൾ ഒരു ആചാരം എന്നതിനു ഉപരിയായി ഞാൻ കണ്ടിരുന്നില്ല. ഒരു പക്ഷെ, അതിന്‍റെ സത്ത ഉൾക്കൊള്ളാനുള്ള പാകത എനിക്കില്ലായിരിന്നിരിക്കാം. വിധിപ്രകാരമുള്ള ക്രിയകൾക്കും മന്ത്രോച്ചാരണങ്ങൾക്കും ഉപരി ഇതിനു ഒരു ആത്‌മീയ തലം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു .ഇന്നീ ഭൂമിയിൽ കാലുറപ്പിച്ച് നിൽക്കുവാൻ കാരണഭൂതരായ നമ്മുടെ പിതൃക്കളെ ഓർക്കുവാൻ ബലികർമ്മത്തിലൂടെ പ്രകൃതിയോട്  ചേർന്ന് മനസ്സ് കൊണ്ടും ശരീരം കൊണ്ടും നമ്മൾ തയ്യാറാവുന്നു. ഏകാഗ്രമായി നമ്മുടെ പിതൃക്കളെ സ്മരിച്ച് കൊണ്ട് കർമ്മം ചെയ്യുമ്പോൾ നന്മയുടെ ഒരു ഊർജം നമ്മളിൽ എത്തുന്നു. അത് രാമേശ്വരം പോലെയുള്ള ഒരു പുണ്യസ്ഥലത്താവുമ്പോൾ നിർവ്വചിക്കാനാവാത്ത ഒരു ഊർജ്ജപ്രവാഹം അവിടെ ഉണ്ട്. അറിഞ്ഞോ അറിയതോ നമ്മുടെ പിതൃക്കളോട്  ചെയ്ത തെറ്റുകുറ്റങ്ങൾക്ക് മാപ്പ് അപേക്ഷിച്ച് എല്ലാ ബന്ധുമിത്രാദികൾക്കും നന്മ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു. 

ബലിപിണ്ഡം സമുദ്രത്തിൽ അർപ്പിച്ച് മുങ്ങിനിവർന്നപ്പോൾ മനസിന് വല്ലാത്ത ഒരു ലാഘവം തോന്നി .സ്വപ്നത്തിൽ പോലും ആഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നില്ല ഇങ്ങനെ ഒരു നിമിഷം ജീവിതത്തിൽ ഉണ്ടാകും എന്ന് .ത് ഞങ്ങളുടെ ജീവിതത്തിൽ ഈശ്വരന്‍റെ തീരുമാനമാണ് എന്ന് നിശ്ചയം .വിധി പ്രകാരം  ഈറൻ മാറി പ്രധാനക്ഷേത്രത്തിലേക്ക് മഹാദേവനെ ദർശിച്ച് സ്വയം  സമർപ്പിക്കാൻ ഞങ്ങൾ പോയി . 

തലേ ദിവസത്തെക്കാൾ തിരക്ക് അന്നേരം അവിടെ ഉണ്ടായിരുന്നു. ഉത്തേരേന്ത്യക്കാരായിരുന്നു അധികവും .അവരുടെ ആരാധനാരീതി അൽപ്പം ബഹളമയമായിരുന്നു .ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട് കേരളത്തിലെ ക്ഷേത്രങ്ങളിൽ ഇന്നും തുടർന്ന് വരുന്ന അയിത്താചാരം ഇവിടെ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ അനുഭവപ്പെട്ടില്ല .ഇവിടെ പൂജാരിമാർ തന്നെ നെറ്റിയിൽ പ്രസാദം ചാർത്തി തരുന്ന രീതിയാണ്.

മഹാദേവനെ വണങ്ങി  പ്രസാദം സ്വീകരിച്ച് നടയിൽ നിന്നും ഞാൻ തിരിഞ്ഞു നോക്കിയതും കണ്ടത് നെറ്റി നിറയെ പൂജാരി ചാർത്തി കൊടുത്ത ഭസ്മവുമായി നിൽക്കുന്ന എന്‍റെ കണവനെ ആണ്. എന്തുകൊണ്ടോ അത്രയും നേരം അൽപ്പം അസ്വസ്ഥനായിരുന്ന അദ്ദേഹത്തെ മഹാദേവൻ ഒന്ന് തണുപ്പിച്ചതായിരിക്കണം   .
തുടര്‍ന്ന് പർവതവർത്തിനി ദേവിയുടെ സന്നിധിയിൽ കൂടി തൊഴുത് ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയ ഞങ്ങൾ താമസസ്ഥലത്തേക്ക് നടന്നു.

ആ വഴിയാണ് അഗസ്ത്യർ മുനിയുടെ കോവിലും അഗസ്ത്യർ തീർത്ഥവും. അവിടെയും ഒന്ന് വണങ്ങിയ ശേഷം തീർത്ഥവും സേവിച്ച്  ഞങ്ങൾ താമസസ്ഥലത്തെ പ്രഭാതഭക്ഷണം കഴിഞ്ഞ് രാമേശ്വരത്തു നിന്നുള്ള മടക്കയാത്ര ആരംഭിച്ചു.

മടക്കയാത്രയുടെ ആരംഭം ഞങ്ങൾ ശ്രീരാമർപാദം എന്ന പുണ്യസ്ഥലം കൂടി സന്ദർശിച്ചതിനു ശേഷം ആയിരുന്നു .രാമായണത്തിലെ ഗന്ധമാദന പര്‍വ്വതം ആയിരുന്നു ആ പ്രദേശം. ശ്രീരാമന്‍റെ പാദം പതിഞ്ഞ ഒരു ശിലയാണ് അവിടത്തെ പ്രതിഷ്ഠ .ആ ക്ഷേത്രത്തിന്‍റെ മുകളിലത്തെ നിലയിൽ നിന്നാൽ രാമേശ്വരപട്ടണം ആകെമൊത്തം കാണാം. ശ്രീലങ്കയുടെയും ധനുഷ്കോടിയുടെയും  വിദൂരകാഴ്ചയും ദൃശ്യമാണ്. അവിടെത്തെ  പ്രകൃതിയെ അനുഭവിച്ചു കുറച്ചു നേരമിരുന്നതിനു ശേഷം രാമേശ്വരപട്ടണത്തോടു വിട പറഞ്ഞു ഞങ്ങൾ തിരിച്ചു. 
              
പുതിയ ഒരു ഉന്മേഷത്തോടെ യാത്ര തുടങ്ങിയ ഞങ്ങൾ പാമ്പൻ പാലത്തിൽ ഇറങ്ങി ആ വിസ്മയത്തെയും ആസ്വദിച്ച് യാത്ര തുടർന്നു . 


ഇനി മധുരൈയിലേക്ക്. 


തുടരും.....

Comments

Popular posts from this blog

The Flying Horse

The Little Butterfly

Master of Marketing Research (MMR)